ധാരാളമായി മദിയ്യ് വരുന്ന വ്യക്തിയായിരുന്നു താൻ എന്ന് അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. പുരുഷൻ്റെ ലൈംഗികാവയവത്തിൽ നിന്ന് പുറത്തു വരുന്ന, പശിമയുള്ള, വെള്ളനിറമുള്ള ഒരു നേർത്ത ദ്രാവകമാണ് മദിയ്യ്. ലൈംഗികതാൽപ്പര്യമുള്ളപ്പോഴും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപായുമാണ് ഇത് പൊതുവെ ഉണ്ടാകാറുള്ളത്. മദിയ്യ് പുറത്തു വന്നാൽ എന്തു ചെയ്യണമെന്ന കാര്യം അലി -رَضِيَ اللَّهُ عَنْهُ- വിന് അറിയില്ലായിരുന്നു. നബി -ﷺ- യോട് അത് ചോദിക്കാനാകട്ടെ, അദ്ദേഹത്തിന് ലജ്ജയുമായിരുന്നു. കാരണം നബി -ﷺ- യുടെ മകളുടെ ഭർത്താവായിരുന്നല്ലോ അലി -رَضِيَ اللَّهُ عَنْهُ-?! അതിനാൽ നബി -ﷺ- യോട് ഇക്കാര്യം ചോദിക്കാൻ തൻ്റെ സുഹൃത്തായ മിഖ്ദാദ് ബ്നു അസ്‌വദിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായി നബി -ﷺ- പറഞ്ഞത് ലൈംഗികാവയവം കഴുകാനും, ശേഷം വുദൂഅ് എടുക്കാനുമാണ്.