നബി -ﷺ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിനെ മദീനയിലെ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടി. ആ സന്ദർഭത്തിൽ അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ജനാബത്തിലായിരുന്നു. നബി -ﷺ- യോടുള്ള ആദരവ് കാരണത്താൽ ജനാബത്തുള്ള ആ അവസ്ഥയിൽ അവിടുത്തോടൊപ്പം ഇരിക്കുന്നതിലും സംസാരിക്കുന്നതിലും അദ്ദേഹത്തിന് ശരി തോന്നിയില്ല. താൻ അശുദ്ധനാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. അതിനാൽ അദ്ദേഹം പതുക്കെ അവിടെ നിന്ന് വലിയുകയും, (ജനാബത്തിൽ നിന്ന് ശുദ്ധിയാകുന്നതിന് വേണ്ടി) കുളിക്കുകയും ചെയ്തു. ശേഷം മടങ്ങിവന്ന് നബി -ﷺ- യുടെ മുന്നിൽ ഇരുന്നപ്പോൾ അവിടുന്ന് അദ്ദേഹം എവിടെയായിരുന്നു എന്ന് അന്വേഷിച്ചു. അപ്പോൾ തൻ്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. ജനാബത്തുകാരനായതിനാൽ താൻ അശുദ്ധിയിലായിരുന്നെന്നും, ആ അവസ്ഥയിൽ നബി -ﷺ- യോടൊപ്പം ഇരിക്കുന്നതിൽ അദ്ദേഹത്തിന് തൃപ്തിയുണ്ടായില്ലെന്നും അദ്ദേഹം വിവരിച്ചു. നബി -ﷺ- അതു കേട്ടപ്പോൾ അത്ഭുതം കൂറുകയും, അദ്ദേഹത്തെ ഇപ്രകാരം അറിയിക്കുകയും ചെയ്തു: "തീർച്ചയായും ഒരു മുഅ്മിൻ ശുദ്ധിയുള്ളവനാണ്; അവൻ ഒരവസ്ഥയിലും അശുദ്ധനാവുകയില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അവൻ്റെ കാര്യം അപ്രകാരമാണ്."