നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പോകുന്നത് കണ്ടാൽ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ പോലുള്ള മറ്റൊരു കുട്ടിയും നബി -ﷺ- യെ സേവിക്കുന്നതിനായി അവിടുത്തെ പിന്തുടരാറുണ്ടായിരുന്നു എന്ന് അനസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവർ രണ്ടു പേരും ഒരു തോൽപ്പാത്രത്തിൽ കുറച്ച് വെള്ളം നിറച്ചു വെക്കും. അതോടൊപ്പം കുത്തി നിർത്താൻ കഴിയുന്ന തരത്തിൽ, കുന്തം പോലുള്ള ഒരു വടിയും അവർ കയ്യിൽ കരുതും; അത് മണ്ണിൽ കുത്തി നിർത്തിയ ശേഷം അതിൻ്റെ മേൽ മൂത്രമൊഴിക്കുമ്പോൾ മറ സ്വീകരിക്കുന്നതിന് ഒരു തുണിയോ മറ്റോ തൂക്കിയിടും. നിസ്കാരത്തിനും അത് മറയായി സ്വീകരിക്കാറുണ്ടായിരുന്നു. നബി -ﷺ- തൻ്റെ പ്രാഥമികാവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ അവരിൽ ഒരാൾ അവിടുത്തേക്ക് വെള്ളത്തിൻ്റെ പാത്രം നീട്ടിക്കൊടുക്കുകയും, അവിടുന്ന് വെള്ളം കൊണ്ട് ശുദ്ധി വരുത്തുകയും ചെയ്യുമായിരുന്നു.