അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിന് നബി -ﷺ- നിസ്കാരത്തിൽ പറയേണ്ട തശ്ഹ്ഹുദിൻ്റെ പ്രാർത്ഥനകൾ പഠിപ്പിച്ചു കൊടുത്തു. ഇബ്നു മസ്ഊദിൻ്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കപ്പെടുന്നതിനായി അദ്ദേഹത്തിൻ്റെ കൈകൾ തൻ്റെ കൈകളിൽ വെച്ചു കൊണ്ട്, വിശുദ്ധ ഖുർആനിലെ ഒരു അദ്ധ്യായം പഠിപ്പിച്ചു കൊടുക്കുന്നത് പോലെയാണ് നബി -ﷺ- ഈ പ്രാർത്ഥന അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുത്തത്. തശഹ്ഹുദിൻ്റെ പ്രാർത്ഥനയിലെ വാക്കുകളും ആശയവും എത്രമാത്രം നബി -ﷺ- ശ്രദ്ധയോടെ പരിഗണിച്ചിരുന്നു എന്നതിനുള്ള തെളിവാണ് ഇതെല്ലാം. നബി -ﷺ- പറഞ്ഞു: "التَّحِيَّات لله": :എല്ലാ അഭിവാദനങ്ങളും അല്ലാഹുവിനാകുന്നു" ആദരവ് അറിയിക്കുന്ന എല്ലാ വാക്കുകളും പ്രവർത്തികളും തഹിയ്യഃ എന്ന പദത്തിൻ്റെ പരിധിയിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണ്. "الصَّلَوَاتُ": പ്രാർത്ഥനകളും നിർബന്ധവും ഐഛികവുമായ (ഫർദും സുന്നത്തും) നിസ്കാരങ്ങൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "الطَّيِّبَاتُ": "വിശിഷ്ടമായത്" വിശിഷ്ടവും, പൂർണ്ണതയെ സൂചിപ്പിക്കുന്നതുമായ എല്ലാ വാക്കുകളും പ്രവർത്തികളും വിശേഷണങ്ങളും ഈ പറഞ്ഞതിൽ ഉൾപ്പെടും; അവയെല്ലാം അല്ലാഹുവിന് മാത്രമാണ്. "السلام عليك أيها النبي ورحمة الله وبركاته": "നബിയേ! അങ്ങേക്ക് അല്ലാഹുവിൻ്റെ രക്ഷയും കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ" നബി -ﷺ- യെ എല്ലാ പ്രയാസങ്ങളിൽ നിന്നും അനിഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കാനും, എല്ലാ നന്മകളും അവിടുത്തേക്ക് അധികരിപ്പിച്ചു നൽകാനുമുള്ള തേട്ടമാണിത്. "السلام علينا وعلى عباد الله الصالحين": "ഞങ്ങൾക്കും, അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാർക്കും അല്ലാഹുവിൻ്റെ രക്ഷ ഉണ്ടാകട്ടെ" നിസ്കരിക്കുന്ന വ്യക്തി സ്വന്തത്തിന് വേണ്ടിയും ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള സച്ചരിതരായ അല്ലാഹുവിൻ്റെ അടിമകൾക്കെല്ലാം വേണ്ടിയും രക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് ഈ വാചകത്തിലൂടെ. "أشهد أن لا إله إلا الله": "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു" യഥാർത്ഥത്തിൽ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ ഉറച്ച് അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. "وأَنَّ مُحَمَّدًا عَبْدُهُ ورسولُهُ": "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു." മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അല്ലാഹുവിൽ നിന്നുള്ള അന്തിമ ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അതിന് ശേഷം നിസ്കരിക്കുന്ന വ്യക്തിക്ക് തനിക്ക് ഇഷ്ടമുള്ള പ്രാർത്ഥനകൾ തിരഞ്ഞെടുത്തു കൊണ്ട് അല്ലാഹുവിനോട് തേടാം എന്ന് നബി -ﷺ- അറിയിക്കുകയും,അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.