നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ ശരീരത്തിലെ ഏഴു അവയവങ്ങളിൽ അത് നിർവ്വഹിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നു എന്ന് അവിടുന്ന് ഈ ഹദീഥുകളിൽ അറിയിച്ചിരിക്കുന്നു. ഒന്ന്: നെറ്റി. മൂക്കിനും രണ്ട് കണ്ണുകൾക്കും മേലുള്ള, മുഖത്തിലെ പരന്ന ഭാഗമാണത്. നബി -ﷺ- നെറ്റിയെ കുറിച്ച് പറയുമ്പോൾ തൻ്റെ മൂക്കിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട്. നെറ്റിയും മൂക്കും സുജൂദ് ചെയ്യേണ്ട ഏഴ് അവയവങ്ങളിൽ ഒന്നായി ഒരുമിച്ചു പരിഗണിക്കപ്പെടണം എന്നതിലേക്കുള്ള സൂചനയാണത്. സുജൂദ് ചെയ്യുന്ന വ്യക്തിയുടെ മൂക്ക് ഭൂമിയിൽ തട്ടണം എന്ന ഓർമ്മപ്പെടുത്തൽ അതിലുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും അവയവം: രണ്ട് കൈകളാണ്. നാലാമത്തെയും അഞ്ചാമത്തെയും അവയവം: രണ്ട് കാൽമുട്ടുകളാണ്. ആറാമത്തെയും ഏഴാമത്തെയും അവയവം: രണ്ട് കാൽപ്പാദങ്ങളിലെയും വിരലുകളാണ്. ഇതോടൊപ്പം മുടികൾ കെട്ടിവെക്കരുതെന്നും, സുജൂദ് ചെയ്യുമ്പോൾ വസ്ത്രങ്ങൾ -അവയെ സംരക്ഷിക്കുന്നതിന് വേണ്ടി- കൂട്ടിപ്പിടിക്കരുതെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. മറിച്ച്, ഇവയെല്ലാം ഭൂമിയിൽ പതിക്കുകയും, മനുഷ്യൻ്റെ അവയവങ്ങളോടൊപ്പം സുജൂദിൽ പങ്കുചേരുകയും ചെയ്യുകയാണ് വേണ്ടത്.