ശിർകിൽ (ബഹുദൈവാരാധനയിൽ) ഉൾപ്പെടുന്ന ചില പ്രവർത്തികളാണ് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നത്. അവ ഇനി പറയുന്നവയാണ്: ഒന്ന്: ദുർമന്ത്രം : ജാഹിലിയ്യഃ കാലഘട്ടത്തിൽ രോഗശമനത്തിനായി ചൊല്ലിയിരുന്ന ശിർക്ക് ഉൾപ്പെട്ട വാചകങ്ങൾ. രണ്ട്: മുത്തുകൾ കൊണ്ടോ മറ്റോ ഉണ്ടാക്കപ്പെടുന്ന ഉറുക്കുകൾ; കുട്ടികളുടെയും മൃഗങ്ങളുടെയും മേൽ കണ്ണേറ് തട്ടാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെ കെട്ടാറുണ്ടായിരുന്ന വസ്തുക്കൾ. മൂന്ന്: തിവലത്ത്. ഭാര്യാഭർത്താക്കന്മാരിൽ ഒരാൾക്ക് മറ്റൊരാളോട് സ്നേഹം ജനിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കപ്പെടുന്നത്. ഇതെല്ലാം ബഹുദൈവാരാധനയിൽ പെടുന്ന കാര്യങ്ങളാണ്. കാരണം അല്ലാഹു മതപരമായ തെളിവുകൾ അവതരിപ്പിച്ചതായി സ്ഥിരപ്പെട്ടതോ, അവൻ പ്രപഞ്ചത്തിൽ നിശ്ചയിച്ച മാർഗങ്ങളിലൊന്നാണെന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതോ ആയ കാരണങ്ങളിൽ പെട്ടതല്ല ഇതൊന്നും. അങ്ങനെയല്ലാതെ സ്വയം നിർമ്മിച്ചുണ്ടാക്കുന്ന കാരണങ്ങൾ ബഹുദൈവാരാധനയുടെ പരിധിയിൽ പെടുന്നതാണ്. എന്നാൽ ഇസ്‌ലാമികമായി പഠിപ്പിക്കപ്പെട്ട മാർഗങ്ങളായ ഖുർആൻ പാരായണം പോലുള്ളവയും, അനുഭവങ്ങളിലൂടെ സ്ഥിരപ്പെട്ട ചികിത്സകളും ഔഷധങ്ങളും പോലുള്ളവയും സ്വീകരിക്കുന്നത് അനുവദനീയമാണ്; പക്ഷേ ഇതെല്ലാം കാരണങ്ങൾ മാത്രമാണെന്ന് വിശ്വസിച്ചു കൊണ്ടും, ഉപകാരോപദ്രവങ്ങൾ ഉടമപ്പെടുത്തുന്നവൻ അല്ലാഹു മാത്രമാണെന്ന ഉറച്ച ബോധ്യത്തോടെയും മാത്രമേ അവ സ്വീകരിക്കാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്.