അന്ത്യനാളിൻ്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ് സൂര്യൻ -കിഴക്ക് നിന്ന് ഉദിക്കേണ്ടതിന് പകരം- പടിഞ്ഞാറ് നിന്ന് ഉദിക്കുക എന്നത്. അത് കാണുന്നതോടെ ജനങ്ങളെല്ലാം ഒന്നടങ്കം വിശ്വസിക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിലുള്ള വിശ്വാസം നിഷേധികൾക്ക് ഉപകരിക്കുന്നതല്ല. അതോടെ സൽകർമ്മങ്ങളോ പാപമോചനമോ പ്രയോജനം ചെയ്യുകയുമില്ല. അന്ത്യനാൾ പൊടുന്നനെയായിരിക്കും സംഭവിക്കുക എന്ന കാര്യവും നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു. ജനങ്ങൾ അവരുടെ ജീവിത വ്യവഹാരങ്ങളിലും സാധാരണ സ്ഥിതിയിലുമായിരിക്കവെ അത് സംഭവിക്കുന്നതാണ്. കച്ചവടക്കാരനും ഉപഭോക്താവും തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ച നിലയിൽ... അവർ കച്ചവടം പൂർത്തിയാക്കുകയോ അത് വേണ്ടെന്നു വെച്ച് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ഒട്ടകത്തിൻ്റെ പാൽ കറന്ന ശേഷം അതിൽ നിന്ന് കറവക്കാരൻ കുടിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ജലസംഭരണി ശരിയാക്കി കൊണ്ടിരിക്കുകയും അത് തേച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാൾ അതിൽ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. ഒരാൾ തൻ്റെ വായിലേക്ക് ഉയർത്തിയ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും.