ഭക്ഷണത്തിനുള്ള മാവ് കുഴക്കുന്ന ആട്ടുകല്ല് ഉപയോഗിച്ചത് കൊണ്ട് നബി -ﷺ- യുടെ മകളായ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യുടെ കൈകളിൽ പാടുകളുണ്ടാകാറുണ്ടായിരുന്നു. നബി -ﷺ- യുടെ അടുക്കൽ ചില അടിമകളെ കൊണ്ടുവന്നിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞപ്പോൾ അതിൽ നിന്ന് ഒരാളെ തനിക്ക് ജോലിക്കായി നിർത്തിത്തരണം എന്ന ആവശ്യവുമായി അവർ നബി -ﷺ- യുടെ അരികിൽ ചെന്നു. എന്നാൽ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നപ്പോൾ നബി -ﷺ- വീട്ടിലുണ്ടായിരുന്നില്ല. അവിടുത്തെ പത്‌നിയായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് അവർ കാര്യമറിയിച്ചു. നബി -ﷺ- വന്നപ്പോൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നതിനെ കുറിച്ചും, ഒരു വേലക്കാരനെ ആവശ്യപ്പെട്ടതിനെ കുറിച്ചും ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിച്ചു. ഫാത്വിമയും അവരുടെ ഭർത്താവായ അലി -رَضِيَ اللَّهُ عَنْهُ- വും ഉറങ്ങാൻ വേണ്ടി തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് നബി -ﷺ- അവരുടെ വീട്ടിലേക്ക് ചെന്നത്. അവർക്ക് രണ്ടു പേർക്കുമിടയിൽ അവിടുന്ന് ഇരുന്നു; നബി -ﷺ- യുടെ കാലിൻ്റെ തണുപ്പ് തൻ്റെ വയറ്റിന് മേൽ അനുഭവപ്പെട്ടു എന്നാണ് അലി -رَضِيَ اللَّهُ عَنْهُ- അതിനെ കുറിച്ച് പറഞ്ഞത്. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നോട് ഒരു വേലക്കാരനെ ചോദിച്ചുവല്ലോ; എന്നാൽ അതിനേക്കാൾ നല്ല ഒന്ന് ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?! അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു കൊടുത്തു: നിങ്ങൾ ഉറങ്ങാനായി നിങ്ങളുടെ വിരിപ്പിലേക്ക് ചെന്നാൽ 'അല്ലാഹു അക്ബർ' എന്നു മുപ്പത്തി നാല് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തുക. സുബ്ഹാനല്ലാഹ് എന്ന് മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമം ഈ ദിക്ർ ചൊല്ലുന്നതാണ്.