സുലൈമാൻ ബ്നു സ്വുറദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ രണ്ട് പേർ പരസ്പരം ചീത്തവിളിക്കുന്നുണ്ട്. അതിലൊരാളുടെ മുഖം ചുവക്കുകയും, കണ്ഠനാഢികൾ പുറത്തേക്ക് തള്ളുകയും ചെയ്തിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും. أَعُوذُ بِاللَّهِ مِنَ الشَّيْطَان 'الرجيم 'ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ ചോദിക്കുന്നു' എന്നവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം ഇല്ലാതെയാകും." അങ്ങനെ സ്വഹാബികൾ അയാളോട് ഇക്കാര്യം പറഞ്ഞു: "നീ ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് രക്ഷ ചോദിക്കണമെന്ന് നബി -ﷺ- പറഞ്ഞിരിക്കുന്നു." അപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് ഭ്രാന്ത് വല്ലതുമുണ്ടോ?" صحيح - متفق عليه
explain-icon

വിശദീകരണം

രണ്ടാളുകൾ നബി -ﷺ- യുടെ മുൻപിൽ വെച്ച് തർക്കിക്കുകയും പരസ്പരം ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തു. അതിൽ ഒരാളുടെ മുഖം ചുവക്കുകയും, അയാളുടെ കഴുത്തിൻ്റെ ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "കടുത്ത ദേഷ്യത്തിൽ നിലകൊള്ളുന്ന ഈ വ്യക്തിയുടെ ദേഷ്യം അകറ്റിക്കളയുന്ന ഒരു വാക്ക് എനിക്കറിയാം. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്നതാണത്. 'പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി -ﷺ- നിന്നോട് കൽപ്പിക്കുന്നു' എന്ന് സ്വഹാബികളിൽ ചിലർ അയാളോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ ഭ്രാന്തനാണോ?" പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് ഭ്രാന്തുള്ളവർ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അവസരങ്ങളുണ്ടാകുമ്പോഴെല്ലാം ജനങ്ങളെ നേർമാർഗം കാണിക്കുന്നതിലും അവർക്ക് നന്മ പഠിപ്പിച്ചു നൽകുന്നതിലും നബി -ﷺ- പുലർത്തിയിരുന്ന താൽപ്പര്യം.
  • കോപം പിശാചിൽ നിന്നുള്ളതാകുന്നു.
  • കോപം ഉണ്ടാകുമ്പോൾ പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കണം എന്ന കൽപ്പന. അല്ലാഹു പറഞ്ഞിരിക്കുന്നു: "പിശാചിൽ നിന്നുള്ള ദുർബോധനം നിനക്കുണ്ടാകുമ്പോൾ നീ അല്ലാഹുവിനോട് രക്ഷ തേടുക."
  • പരസ്പരം ചീത്ത വിളിക്കുകയും, ശാപവാക്കുകൾ ചൊരിയുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കും എന്നതിനാൽ ഇസ്‌ലാം അവയിൽ നിന്ന് അകലം പാലിക്കാൻ കൽപ്പിക്കുന്നു.
  • ഗുണകാംക്ഷയും ഉപദേശങ്ങളും കേൾക്കാൻ സാധിക്കാത്ത ആൾക്ക് മറ്റൊരാൾ വഴി എത്തിച്ചു നൽകാം.
  • നബി -ﷺ- കോപത്തിൽ നിന്ന് താക്കീത് നൽകിയിട്ടുണ്ട്. കാരണം തിന്മകളിലേക്കും കൈവിട്ട പ്രവർത്തനങ്ങളിലേക്കും അത് നയിക്കുന്നതാണ്. അല്ലാഹുവിൻ്റെ വിധിവിലക്കുകളും അതിർവരമ്പുകളും ലംഘിക്കപ്പെടുമ്പോഴല്ലാതെ നബി -ﷺ- കോപിക്കാറില്ലായിരുന്നു; ആ കോപമാകട്ടെ, നല്ല സ്വഭാവങ്ങളിൽ പെട്ടതാണ്.
  • 'എനിക്ക് ഭ്രാന്തുണ്ടെന്നാണോ നീ കരുതുന്നത്' എന്ന വാക്ക് പറഞ്ഞ വ്യക്തി ഒന്നുകിൽ കപടവിശ്വാസികളിൽ പെട്ടയാളോ, പരുക്കൻ സ്വഭാവമുള്ള അഅ്‌റാബികളിൽ പെട്ടയാളോ ആയിരിക്കാം എന്ന് നവവി -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്.