കാറ്റിനെ ആക്ഷേപിക്കുന്നതും ശപിക്കുന്നതും നബി (ﷺ) വിലക്കുന്നു. കാരണം അല്ലാഹുവിൻ്റെ കൽപ്പനപ്രകാരമാണ് അത് ചലിക്കുന്നത്. അവൻ്റെ കാരുണ്യമായും ശിക്ഷയായും കാറ്റ് വന്നെത്താറുണ്ട്. അതിനെ ആക്ഷേപിക്കുക എന്നത് അതിൻ്റെ സ്രഷ്ടാവിനെ ആക്ഷേപിക്കലും, അവൻ്റെ വിധിയോട് അരിശം പ്രകടിപ്പിക്കലുമാണ്. അതിനാൽ കാറ്റ് വന്നെത്തുമ്പോൾ അതിൻ്റെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങാനും, കാറ്റിൻ്റെ നന്മയും, മഴയും ചെടികളുടെ പരാഗണം പോലുള്ള അതിലുള്ള പ്രയോജനങ്ങളും അല്ലാഹുവിനോട് ചോദിക്കാനും, അതിൻ്റെ ഉപദ്രവത്തിൽ നിന്നും, വൃക്ഷങ്ങളും ചെടികളും കന്നുകാലികളും കെട്ടിടങ്ങളും നശിക്കുക പോലുള്ള ഉപദ്രവങ്ങളിൽ നിന്നും രക്ഷ തേടാനും അവിടുന്ന് കൽപ്പിക്കുന്നു. ഇപ്രകാരം അല്ലാഹുവിനോട് ചോദിക്കുക എന്നത് ഒരു മനുഷ്യൻ അല്ലാഹുവിൻ്റെ യഥാർത്ഥ അടിമയാണെന്നതിൻ്റെ അടയാളവുമാണ്.