രാത്രി നിസ്കാരത്തിനോ ഫജ്ർ (സുബ്ഹ്) നിസ്കാരത്തിനോ എഴുന്നേൽക്കാൻ വേണ്ടി ഉദ്ദേശിക്കുന്ന ഒരാളുമായി പിശാച് നടത്തുന്ന പോരാട്ടത്തെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. മുഅ്മിനായ ഒരാൾ ഉറങ്ങാൻ വേണ്ടി തയ്യാറെടുത്താൽ പിശാച് അവൻ്റെ പിരടിയിൽ മൂന്ന് കെട്ടുകൾ കെട്ടുന്നതാണ്. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും, പിശാചിൻ്റെ ദുർബോധനത്തിന് വഴങ്ങാതിരിക്കുകയും ചെയ്താൽ അവൻ്റെ മേൽ നിന്ന് ഒരു കെട്ട് അഴിഞ്ഞു പോകുന്നതാണ്. ശേഷം അവൻ വുദൂഅ് ചെയ്താൽ അടുത്ത കെട്ടും അഴിഞ്ഞു പോകും. ശേഷം അവൻ എഴുന്നേറ്റു നിസ്കരിക്കുകയാണെങ്കിൽ മൂന്നാമത്തെ കെട്ടും അവൻ്റെ മേൽ നിന്ന് അഴിയുന്നതാണ്. അതോടെ ഉന്മേഷവാനും മനസുഖമുള്ളവനുമായി അവൻ നേരം പുലരുന്നതാണ്. അല്ലാഹു അവനെ നന്മയിലേക്ക് നയിച്ചതിലും, അല്ലാഹുവിങ്കൽ അവന് വാഗ്ദാനം നൽകപ്പെട്ടിരിക്കുന്ന പ്രതിഫലത്തിലും പാപമോചനത്തിലും പ്രതീക്ഷയുള്ളവനായിരിക്കും അവൻ. പിശാച് അവൻ്റെ മേൽ നിശ്ചയിച്ച കെട്ടുകൾ നീങ്ങിപ്പോയതിലും അവൻ നന്മയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞതിലും അവന് സന്തോഷമുണ്ടായിരിക്കും. ഇതല്ലായെങ്കിൽ, ദുർമനസ്സുള്ളവനും ദുഃഖഭാരത്തോടെയും നന്മകൾ ചെയ്യാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും മടിയുള്ള നിലയിലുമായിരിക്കും അവൻ നേരം പുലരുക. കാരണം പിശാചിൻ്റെ കെട്ടുകൾ അവനെ ബന്ധിക്കുകയും, അല്ലാഹുവുമായുള്ള സാമീപ്യത്തിൽ നിന്ന് അവന് അകൽച്ച സംഭവിക്കുകയും ചെയ്തിരിക്കുന്നു.