യഹൂദർക്കെതിരെ അടുത്ത ദിവസം വിജയമുണ്ടാകുമെന്ന് നബി -ﷺ- സ്വഹാബികളെ സന്തോഷവാർത്ത അറിയിക്കുന്നു. നബി -ﷺ- സൈന്യത്തിൻ്റെ അടയാളമായ പതാകയേൽപ്പിക്കുന്ന ഒരു വ്യക്തിയുടെ കൈകളിലൂടെയായിരിക്കും ആ വിജയം ലഭിക്കുക എന്നും അവിടുന്ന് അറിയിച്ചു. നാളെ പതാകയേൽപ്പിക്കപ്പെടുന്ന വ്യക്തിയുടെ വിശേഷണങ്ങളിലൊന്ന്, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്നതും, അല്ലാഹുവും റസൂലും അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നതുമായിരിക്കും എന്നും അവിടുന്ന് അറിയിച്ചു. ഇത് കേട്ടതോടെ സ്വഹാബികൾ 'ആർക്കായിരിക്കും ഈ പതാക നൽകപ്പെടുക?' എന്ന കാര്യവും ചർച്ച ചെയ്തു കൊണ്ട് രാത്രി മുഴുവൻ കഴിച്ചു കൂട്ടി. കാരണം ഈ മഹത്തരമായ പദവിയും സ്ഥാനവും അവരെല്ലാം ആഗ്രഹിച്ചിരുന്നു. അങ്ങനെ രാവിലെയായപ്പോൾ അവർ നബി -ﷺ- യുടെ അടുത്തേക്ക് ചെന്നു; അവരെല്ലാം ഈ മഹത്തായ പദവി സ്വന്തത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അപ്പോൾ നബി -ﷺ- അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അദ്ദേഹത്തിന് കണ്ണിന് സുഖമില്ല എന്ന് ആരോ അറിയിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു കൊണ്ടുവരാൻ ആളെ അയക്കുകയും, അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അങ്ങനെ നബി -ﷺ- തൻ്റെ അനുഗ്രഹീതമായ ഉമിനീർ അദ്ദേഹത്തിൻ്റെ കണ്ണിലേക്ക് തെറിപ്പിക്കുകയും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിൻ്റെ രോഗം സുഖപ്പെടുകയും, അതിന് മുൻപ് ഒരു പ്രയാസവും ഇല്ലാതിരുന്നത് പോലെ അദ്ദേഹം കാണപ്പെടുകയും ചെയ്തു. അലി -رَضِيَ اللَّهُ عَنْهُ- നോട് അവധാനതയോടെ മുന്നേറാനും, ശത്രുവിൻ്റെ കോട്ടയുടെ സമീപത്തേക്ക് എത്തിപ്പെടാനും, അവരോട് ഇസ്‌ലാമിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനും, അവർ അതിനോട് അനുകൂലമായി പ്രതികരിച്ചാൽ അവർക്ക് ഇസ്‌ലാമിലെ നിർബന്ധകർമങ്ങളെ കുറിച്ച് വിവരിച്ചു നൽകാനും അവിടുന്ന് കൽപ്പിച്ചു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ഒരാൾ സന്മാർഗത്തിലേക്ക് എത്തുന്നതിന് കാരണമായാൽ അതിലേക്ക് ക്ഷണിച്ച വ്യക്തിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും, അറബികളുടെ അക്കാലഘട്ടത്തിലെ ഏറ്റവും മൂല്യമേറിയ സമ്പത്തുകളിൽ പെട്ട ചുവന്ന ഒട്ടകക്കൂട്ടങ്ങളെ ലഭിക്കുന്നതിനേക്കാളും അവ ദാനം ചെയ്യുന്നതിനേക്കാളും അവന് ഉത്തമം ഈ പ്രതിഫലമായിരിക്കുമെന്നും നബി -ﷺ- അതോടൊപ്പം അറിയിച്ചു.