ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകുകയാണ് ഈ ഹദീഥിലൂടെ. കാരണം വുദൂഇൻ്റെ രൂപം ഏറ്റവും വ്യക്തമായി വിവരിക്കാൻ സാധിക്കുന്ന മാർഗമാണത്. ആദ്യം അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെട്ടു. ശേഷം തൻ്റെ രണ്ട് കൈകൾക്ക് മേലെയും മൂന്ന് തവണ വെള്ളമൊഴിച്ചു. അതിന് ശേഷം വലതു കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും, അതു കൊണ്ട് വെള്ളം കോരിയെടുക്കുകയും, പിന്നീട് തൻ്റെ വായിൽ വെള്ളം പ്രവേശിപ്പിച്ച് കൊപ്ലിക്കുകയും അത് പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. ശേഷം മൂക്കിൽ വെള്ളം കയറ്റുകയും, അത് ഉള്ളിലേക്ക് വലിക്കുകയും, പിന്നീട് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. അതിന് ശേഷം മൂന്ന് തവണ അദ്ദേഹം തൻ്റെ മുഖം കഴുകി. പിന്നീട് കൈമുട്ടുകൾ ഉൾപ്പെടെ തൻ്റെ കൈ മൂന്ന് തവണ കഴുകി. ശേഷം തൻ്റെ കൈകൾ നനവുള്ള അവസ്ഥയിൽ തലയിലൂടെ അദ്ദേഹം ഒരു തവണ തടവി. ശേഷം രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ മൂന്ന് തവണ കഴുകയും ചെയ്തു. ഇപ്രകാരം തൻ്റെ വുദൂഅ് പൂർത്തീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- ഇപ്രകാരം വുദൂഅ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആരെങ്കിലും അവിടുന്ന് വുദൂഅ് ചെയ്തത് പോലെ വുദൂഅ് നിർവ്വഹിക്കുകയും, ശേഷം രണ്ട് റക്അത്തുകൾ -ഭയഭക്തിയോടെയും അല്ലാഹുവിന് മുൻപിലാണ് താൻ നിൽക്കുന്നത് എന്ന ഹൃദയസാന്നിദ്ധ്യത്തോടെയും- നമസ്കരിക്കുകയും ചെയ്താൽ അല്ലാഹു ഈ പൂർണ്ണമായ വുദൂഇനും നിഷ്കളങ്കമായ നമസ്കാരത്തിനുമുള്ള പ്രതിഫലമായി അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുത്ത് നൽകുന്നതാണ്.