അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകിയതാണ് ഈ ഹദീഥിൽ നാം കണ്ടത്. അതിനായി ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം രണ്ട് കൈകളും കഴുകിക്കൊണ്ട് അദ്ദേഹം വുദൂഅ് ആരംഭിച്ചു. പാത്രത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ചൊരിഞ്ഞു കൊണ്ടാണ് അദ്ദേഹം തൻ്റെ കൈകൾ മൂന്നു തവണ കഴുകിയത്. അതിന് ശേഷം അദ്ദേഹം തൻ്റെ കൈകൾ പാത്രത്തിലേക്ക് പ്രവേശിപ്പിക്കുകയും, അതിൽ നിന്ന് മൂന്ന് തവണ വെള്ളം കോരിയെടുക്കുകയും, ഓരോ കോരലുകൾ കൊണ്ടും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് മുഖം മൂന്നു തവണ കഴുകി. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് കൈകൾ രണ്ടും മുട്ടുകൾ ഉൾപ്പടെ -രണ്ട് തവണ വീതം- കഴുകി. ശേഷം പാത്രത്തിൽ കൈകൾ പ്രവേശിപ്പിക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും കൊണ്ട് തല തടവുകയും ചെയ്തു. തലയുടെ മുൻഭാഗത്ത് നിന്ന് ആരംഭിക്കുകയും, പിരടിയുടെ മുകൾ ഭാഗത്തുള്ള തലയുടെ പിറകുഭാഗം വരെ കൈകൾ കൊണ്ടുപോവുകയും, ശേഷം അവ രണ്ടും ആരംഭിച്ച ഭാഗത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവരികയും ചെയ്തു. അതിന് ശേഷം തൻ്റെ രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ അദ്ദേഹം കഴുകി.