അന്ത്യനാളിൽ അല്ലാഹു തൻ്റെ അടിമയോട് നടത്തുന്ന രഹസ്യസംഭാഷണത്തെ കുറിച്ചാണ് നബിയുടെ -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടുന്ന് പറയുന്നു: ഖിയാമത് നാളിൽ മുഅ്മിൻ തൻ്റെ റബ്ബിൻ്റെ അടുത്തേക്ക് നിർത്തപ്പെടും. അങ്ങനെ അല്ലാഹു മഹ്ശറിലെ ജനങ്ങൾ അവൻ്റെ രഹസ്യങ്ങൾ അറിയാതിരിക്കുന്നതിന് വേണ്ടി അവൻ്റെ മേൽ മറ വെക്കുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യും: "ഇന്നയിന്ന തിന്മകളെല്ലാം നീ ചെയ്തത് നിനക്കറിയുമോ?!" - അങ്ങനെ അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിലുള്ള തിന്മകൾ അവനെ അല്ലാഹു ബോധ്യപ്പെടുത്തും. അയാൾ പറയും: അതെ, എൻ്റെ രക്ഷിതാവേ! അങ്ങനെ മുഅ്മിനായ ആ വ്യക്തിയെ ഭയം പിടികൂടുകയും, ഭീതിതനാവുകയും ചെയ്താൽ അല്ലാഹു അവനോട് പറയും: ഈ തിന്മകളെല്ലാം ഇഹലോകത്ത് ഞാൻ നിനക്കായി മറച്ചു വെച്ചു. ഇന്നേ ദിവസം അവ നിനക്ക് ഞാൻ പൊറുത്തു നൽകുന്നു. ശേഷം അവൻ്റെ നന്മയുടെ ഏടുകൾ അവന് നൽകപ്പെടുന്നതാണ്. എന്നാൽ അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവരെയും കപടവിശ്വാസികളെയും എല്ലാ സൃഷ്ടികൾക്കും മുൻപിൽ നിർത്തി കൊണ്ട് ഇപ്രകാരം വിളിച്ചു പറയപ്പെടും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിൻ്റെ മേൽ കളവു കെട്ടിച്ചമച്ചവർ. അതിനാൽ അതിക്രമികളുടെ മേൽ അല്ലാഹുവിൻ്റെ ശാപമുണ്ടാകട്ടെ!