നുഅ്മാൻ ബ്നു ബശീർ (رضي الله عنه) നിവേദനം: അദ്ദേഹത്തിൻ്റെ മാതാവ് (അംറഃ) ബിൻത് റവാഹഃ അദ്ദേഹത്തിൻ്റെ പിതാവിനോട് തൻ്റെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷത്തോളം അദ്ദേഹം അതിൽ നിന്ന് പിന്തിനിൽക്കുകയും, പിന്നീട് അപ്രകാരം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തു. അപ്പോൾ ബിൻത് റവാഹഃ പറഞ്ഞു: "എൻ്റെ മകന് സമ്മാനം നൽകുന്നതിന് അല്ലാഹുവിൻ്റെ റസൂൽ -ﷺ- സാക്ഷ്യം വഹിക്കുന്നത് വരെ ഞാൻ തൃപ്തിപ്പെടുകയില്ല." (നുഅ്മാൻ പറയുന്നു:) അങ്ങനെ എൻ്റെ പിതാവ് എൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു. അന്ന് ഞാൻ ചെറിയ കുട്ടിയായിരുന്നു. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഇവൻ്റെ ഉമ്മ, റവാഹയുടെ മകൾ അവളുടെ മകന് ഞാൻ നൽകുന്ന സമ്മാനത്തിന് താങ്കൾ സാക്ഷ്യം വഹിക്കണമെന്ന് ആഗ്രഹിക്കുന്നു." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഹേ ബശീർ! ഇവനല്ലാതെ നിനക്ക് വേറെയും മക്കളുണ്ടോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "ഇതു പോലുള്ളത് അവർക്കെല്ലാം നീ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "അങ്ങനെയെങ്കിൽ എന്നെ നീ സാക്ഷ്യം നിർത്തേണ്ടതില്ല. അനീതിക്ക് ഞാൻ സാക്ഷ്യം വഹിക്കുകയില്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "എങ്കിൽ മറ്റാരെയെങ്കിലും നീ സാക്ഷി നിർത്തിക്കൊള്ളുക!" صحيح - متفق عليه، وله ألفاظ عديدة
explain-icon

വിശദീകരണം

നുഅ്മാൻ ബ്നു ബശീർ (رضي الله عنهما) തൻ്റെ മാതാവായ അംറഃ ബിൻത് റവാഹഃ (رضي الله عنها) തൻ്റെ പിതാവിനോട് അവരുടെ മകന് ചില സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ട സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഒരു വർഷത്തോളം അതിൽ വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് അവരുടെ ആവശ്യപ്രകാരം നുഅ്മാനിന് ഒരു സമ്മാനം നൽകാൻ തന്നെ തീരുമാനിച്ചു. അപ്പോൾ നുഅ്മാനിൻ്റെ മാതാവ് പറഞ്ഞു: താങ്കൾ എൻ്റെ മകന് സമ്മാനം നൽകുന്നതിന് നബി (ﷺ) യെ സാക്ഷി നിർത്താതെ എനിക്ക് തൃപ്തിയാവുകയില്ല. അങ്ങനെ അദ്ദേഹം നുഅ്മാനിൻ്റെ കൈ പിടിച്ച് നബി -ﷺ- യുടെ അടുത്ത് ചെന്നു, അന്ന് അദ്ദേഹം (നുഅ്മാൻ) ചെറിയ കുട്ടിയായിരുന്നു. നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂലേ! ഇവന് ഞാൻ സമ്മാനം നൽകുന്നതിന് താങ്കൾ സാക്ഷിയാകാൻ ഇവൻ്റെ ഉമ്മ ആഗ്രഹിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: ഹേ ബശീർ! താങ്കൾക്ക് ഇവനല്ലാതെ വേറെയും മക്കളുണ്ടോ?! അദ്ദേഹം പറഞ്ഞു: "അതെ." നബി -ﷺ- ചോദിച്ചു: "അവർക്കെല്ലാം ഇതു പോലെ താങ്കൾ സമ്മാനം നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ എന്നെ താങ്കൾ സാക്ഷ്യം നിർത്തേണ്ടതില്ല. ഞാൻ അക്രമത്തിനും അനീതിക്കും സാക്ഷി നിൽക്കുന്നതല്ല." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരം കൂടിയുണ്ട്: നബി -ﷺ- അദ്ദേഹത്തെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു: "ഈ അക്രമത്തിന് നീ ഞാനല്ലാത്ത മറ്റാരെയെങ്കിലും സാക്ഷി നിർത്തി കൊള്ളുക."

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ആണ്മക്കൾക്കും പെണ്മക്കൾക്കും ഇടയിൽ -സമ്മാനങ്ങളിലും ഉപഹാരങ്ങളിലും മറ്റുമെല്ലാം- നീതി പുലർത്തുക എന്നത് നിർബന്ധമാണ്. എന്നാൽ അവർക്ക് ചെലവിന് നൽകുന്ന വേളയിൽ ഓരോരുത്തരുടെയും ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് നൽകേണ്ടത്.
  • മക്കളിൽ ചിലരെ മറ്റു ചിലരേക്കാൾ പ്രത്യേകമായി പരിഗണിക്കുക എന്നത് അക്രമവും അനീതിയുമാണ്. അത്തരം നടപടികൾക്ക് സാക്ഷ്യം വഹിക്കുകയോ സാക്ഷ്യം പറയുകയോ ചെയ്യുന്നത് അനുവദനീയവുമല്ല.
  • നവവി (رحمه الله) പറയുന്നു: "സമ്മാനങ്ങൾ നൽകുന്നതിൽ മക്കൾക്കിടയിൽ തുല്യത പാലിക്കുക എന്നത് നിർബന്ധമാണ്. ഒരാൾക്ക് നൽകുന്നത് പോലുള്ളത് തന്നെ മറ്റുള്ളവർക്കും നൽകണം; അതിൽ ഒരാളെ പ്രത്യേകമായി പരിഗണിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ ആൺകുട്ടികളും പെൺകുട്ടികളും തുല്യരാണ്. ശാഫിഈ മദ്ഹബിലെ ചിലർ പറഞ്ഞു: രണ്ട് പെൺകുട്ടികൾക്ക് നൽകുന്നത് ഒരു ആൺകുട്ടിക്ക് എന്ന കണക്കിൽ നൽകാം. എന്നാൽ ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥത്തിൽ നിന്ന് മനസ്സിലാകുന്നത് പോലെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി നൽകുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് പ്രസിദ്ധമായ വീക്ഷണവും ശരിയായ നിലപാടും."
  • അല്ലാഹുവിൻ്റെ ദീനിന് വിരുദ്ധമായി സംഭവിച്ച വിധികൾ അസാധുവാണ്; അവ നടപ്പാക്കരുത്.
  • വിശദീകരണം ആവശ്യമുള്ളതോ ചോദിച്ചറിയേണ്ടതോ ആയ കാര്യങ്ങളുണ്ട് എന്ന് തോന്നുന്ന വിഷയങ്ങളിൽ മുഫ്തി (മതവിധി നൽകുന്ന വ്യക്തി) ചോദിച്ചറിയേണ്ടതുണ്ട്. 'താങ്കളുടെ എല്ലാ കുട്ടികൾക്കും ഇതു പോലുള്ളത് താങ്കൾ നൽകിയിട്ടുണ്ടോ' എന്ന നബി -ﷺ- യുടെ ചോദ്യം അതിനുള്ള തെളിവാണ്.
  • നവവി (رحمه الله) പറയുന്നു: "മകന് നൽകിയ സമ്മാനം പിതാവിന് തിരിച്ചെടുക്കാൻ അനുവാദമുണ്ട് എന്നതിന് ഈ ഹദീഥ് തെളിവാണ്."
  • സഹോദരങ്ങൾക്കിടയിൽ ഇണക്കവും അടുപ്പവും സൃഷ്ടിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചെയ്യാനുള്ള കൽപ്പനയും, അവർക്കിടയിൽ അകൽച്ചയും വിദ്വേഷവും സൃഷ്ടിക്കുന്നതും മാതാപിതാക്കളെ ധിക്കരിക്കാൻ വഴിയൊരുക്കുന്നതുമായ കാര്യങ്ങൾ ഉപേക്ഷിക്കാനുള്ള ഓർമ്മപ്പെടുത്തലും.
explain-icon

വിഭാഗങ്ങൾ

explain-icon

കൂടുതൽ