മക്കാ വിജയത്തിൻ്റെ വർഷത്തിൽ, നബി -ﷺ- മക്കയിൽ വെച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- കേൾക്കുകയുണ്ടായി: "അല്ലാഹുവും അവൻ്റെ ദൂതരും മദ്യവും ശവവും പന്നിയും വിഗ്രഹവും വിൽക്കുന്നത് നിഷിദ്ധമാക്കിയിരിക്കുന്നു." അപ്പോൾ ചിലർ ചോദിച്ചു: "ശവത്തിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പ് വിൽക്കാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ? കാരണം അത് കൊണ്ട് കപ്പലുകൾക്ക് പുറമെ പൂശുകയും, തോലുകൾക്ക് പുറത്ത് പുരട്ടുകയും, ജനങ്ങൾ തങ്ങളുടെ വിളക്കുകൾ കത്തിക്കാൻ അത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഇല്ല. അത് വിൽക്കുന്നത് നിഷിദ്ധം തന്നെ!." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു യഹൂദരെ നശിപ്പിക്കുകയും അവരെ ശപിക്കുകയും ചെയ്യട്ടെ! അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നത് അവരുടെ മേൽ നിഷിദ്ധമാക്കിയപ്പോൾ അവർ കൊഴുപ്പ് ഉരുക്കുകയും, ശേഷം അതിൻ്റെ എണ്ണ വിൽക്കുകയും, ആ പണം ഭക്ഷിക്കുകയും ചെയ്തു."