ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിച്ച ശേഷം ഒരാൾ മസ്ജിദിലേക്ക് വരുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. മസ്ജിദിലേക്ക് നിസ്കരിക്കാൻ വന്നെത്തുന്ന മറ്റുള്ളവർക്ക് അതിൻ്റെ മണം പ്രയാസം സൃഷ്ടിച്ചേക്കും എന്നതിനാലാണ് അവിടുന്ന് അക്കാര്യം വിലക്കിയത്. അവ തിന്നുകൊണ്ട് അതിൻ്റെ ദുർഗന്ധം പേറി മസ്ജിദിലേക്ക് വരുന്നത് ഒഴിവാക്കാനുള്ള നിർദേശമേ ഈ ഹദീഥിലുള്ളൂ; അതല്ലാതെ ഉള്ളി ഭക്ഷിക്കരുത് എന്ന കൽപ്പനയല്ല. മറിച്ച് അത് അനുവദിക്കപ്പെട്ട ഭക്ഷണം തന്നെയാണ്. നബി -ﷺ- ക്ക് ഒരിക്കൽ ചില പച്ചക്കറികൾ വെച്ച ഒരു പാത്രം കൊണ്ടുവരപ്പെടുകയും, അതിൽ ഒരു മണമുണ്ട് എന്ന് അവിടുത്തേക്ക് അനുഭവപ്പെടുകയും, അതിലുള്ളത് എന്താണെന്ന് അവിടുത്തോട് പറയപ്പെടുകയും ചെയ്തപ്പോൾ നബി -ﷺ- അത് ഭക്ഷിക്കാതെ ഒഴിവാക്കി. തൻ്റെ സ്വഹാബികൾക്ക് അത് ഭക്ഷിക്കാനായി അവിടുന്ന് അവരുടെ അടുത്തേക്ക് അത് നീക്കിവെച്ചുവെങ്കിലും അവിടുത്തെ മാതൃകയാക്കാനുള്ള ഇഷ്ടം കാരണം അവർക്കും അത് ഭക്ഷിക്കുന്നത് പ്രയാസകരമായി. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; ഞാൻ മലക്കുകളുമായി അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുമ്പോൾ സംസാരിക്കുന്നത് കൊണ്ടാണ് അത് കഴിക്കാതിരുന്നത്. മനുഷ്യർക്ക് പ്രയാസമുണ്ടാക്കുന്ന ദുർഗന്ധങ്ങൾ മലക്കുകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.