പത്തു പേരുള്ള ഒരു സംഘം നബി -ﷺ- യുടെ അരികിൽ വന്നു. അവരിൽ ഒൻപത് പേർക്ക് നബി -ﷺ- ഇസ്‌ലാം സ്വീകരണത്തിൻ്റെയും തന്നെ അനുസരിച്ചു കൊള്ളണമെന്നതിനുമുള്ള കരാർ (ബയ്അത്ത്) നൽകി. എന്നാൽ അവരിൽ പത്താമന് അവിടുന്ന് ബയ്അത്ത് ചെയ്തില്ല. അതിൻ്റെ കാരണമെന്താണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: "അവൻ്റെ മേൽ ഒരു ഉറുക്കുണ്ട്." കണ്ണേറോ മറ്റ് ഉപദ്രവങ്ങളോ തടുക്കുക എന്ന ഉദ്ദേശ്യത്തിൽ ശരീരത്തിൽ കെട്ടുകയോ ബന്ധിക്കുകയോ ചെയ്യുന്ന കാര്യങ്ങളെല്ലാം ഉറുക്കിൻ്റെ പരിധിയിൽ പെടും. നബി -ﷺ- യുടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ഉറുക്കുള്ള ഭാഗത്തേക്ക് തൻ്റെ കൈ പ്രവേശിപ്പിക്കുകയും അത് പൊട്ടിച്ചു കളയുകയും, ഊരിമാറ്റുകയും ചെയ്തു. അപ്പോൾ നബി -ﷺ- അയാൾക്ക് ബയ്അത്ത് നൽകി. ശേഷം ഉറുക്കുകൾ ബന്ധിക്കുന്നതിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടും, അതിൻ്റെ ഇസ്‌ലാമിക വിധി വിവരിച്ചു കൊണ്ടും നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തമീമത്ത് (ഏലസ്സ്) കെട്ടിയാൽ അവൻ ശിർക്ക് ചെയ്തിരിക്കുന്നു."