നബി -ﷺ- തൻ്റെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പമായിരുന്നു. അവിടുന്ന് അവരോട് ചില കാര്യങ്ങൾ തങ്ങൾ മുറുകെ പിടിച്ചു കൊള്ളാമെന്ന് തനിക്ക് കരാർ നൽകാനും ബയ്അത്ത് ചെയ്യാനും മൂന്ന് തവണ ആവശ്യപ്പെട്ടു. ഒന്നാമത്തെ കാര്യം: അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്. രണ്ട്: രാവിലെയും രാത്രിയുമുള്ള നിസ്കാരങ്ങൾ നിലനിർത്തുകയും നേരാവണ്ണം നിർവ്വഹിക്കുകയും ചെയ്യുക. മൂന്ന്: മുസ്‌ലിം സമൂഹത്തിൻ്റെ കൈകാര്യകർതൃത്വം നൽകപ്പെട്ട ഭരണാധികാരികളെ നന്മകളിൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. നാല്: തങ്ങളുടെ എല്ലാ ആവശ്യങ്ങളും അല്ലാഹുവിൻ്റെ മുന്നിൽ മാത്രം ഇറക്കി വെക്കാനും, ജനങ്ങളോട് യാതൊരു കാര്യവും ചോദിക്കാതിരിക്കാനും. ഇക്കാര്യം നബി -ﷺ- തൻ്റെ ശബ്ദം താഴ്ത്തി കൊണ്ടാണ് അവരോട് പറഞ്ഞത്. നബി -ﷺ- യോട് ഇക്കാര്യം കരാർ ചെയ്ത സ്വഹാബികൾ ഈ കൽപ്പനകൾ ജീവിതത്തിൽ മുറുകെ പിടിച്ചു. ഈ ഹദീഥ് നിവേദനം ചെയ്തവരിൽ ഒരാൾ ഇത്രവരെ പറഞ്ഞു: ആ സ്വഹാബിമാരിൽ ചിലരുടെ ചാട്ടവാർ കയ്യിൽ നിന്ന് താഴെ വീണാൽ അതൊന്ന് തനിക്ക് എടുത്തു തരാൻ പോലും അവർ മറ്റുള്ളവരോട് ആവശ്യപ്പെടാറുണ്ടായിരുന്നില്ല. മറിച്ച്, അദ്ദേഹം തന്നെ വാഹനപ്പുറത്ത് നിന്നിറങ്ങി സ്വയം അതെടുക്കുകയായിരുന്നു ചെയ്തിരുന്നത്.