ഒരു ദിവസം നബി -ﷺ- തൻ്റെ സ്വഹാബികളോട് സംസാരിക്കുന്നതിനായി അവിടുത്തെ മിമ്പറിൽ ഇരുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവുമധികം ഭയക്കുന്നത് ഭൂമിയിലെ അനുഗ്രഹങ്ങളും ഇഹലോകത്തിൻ്റെ അലങ്കാരങ്ങളും സുഖാഢംഭരങ്ങളും എൻ്റെ കാലശേഷം നിങ്ങൾക്ക് മേൽ തുറന്നു നൽകപ്പെടുന്നതിനെയാണ്. നശ്വരമാണെന്നറിഞ്ഞിട്ടും ജനങ്ങൾ പൊങ്ങച്ചവും അഹങ്കാരവും നടിക്കുന്ന അത്തരം വിഭവങ്ങളും വസ്ത്രങ്ങളും കൃഷിയിടങ്ങളും മറ്റുമെല്ലാം (നിങ്ങൾക്ക് തുറന്നു നൽകപ്പെടുമെന്നത് എന്നെ ഭയപ്പെടുത്തുന്നു). അപ്പോൾ ഒരാൾ ചോദിച്ചു: "ഇഹലോകത്തിൻ്റെ അലങ്കാരങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണല്ലോ? അപ്പോൾ ഈ അനുഗ്രഹങ്ങൾ എങ്ങനെയാണ് ശിക്ഷയും ദുരന്തവുമായി ഭവിക്കുക?!" ഈ ചോദ്യം കേട്ടപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. നബി -ﷺ- യെ ആ ചോദ്യം ദേഷ്യം പിടിപ്പിച്ചുവെന്ന് ധരിച്ച ചിലർ ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ നബി -ﷺ- ക്ക് വഹ്‌യ് (അല്ലാഹുവിൻ്റെ സന്ദേശം) ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും (അതിനാലാണ് അവിടുന്ന് നിശബ്ദത പാലിച്ചതെന്നും) അവർക്ക് പിന്നീട് ബോധ്യമായി. തൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അദ്ദേഹം 'ഞാനാണ്' എന്ന് പറഞ്ഞു. നബി -ﷺ- അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം പറഞ്ഞു തുടങ്ങി: "യഥാർത്ഥ നന്മ ഒരിക്കലും നന്മയല്ലാതെ കൊണ്ടുവരികയില്ല. എന്നാൽ ഐഹികജീവിതത്തിലെ സുഖാഢംഭരങ്ങൾ ഒരിക്കലും സമ്പൂർണ്ണമായ നന്മയല്ല. കാരണം ചിലപ്പോൾ കുഴപ്പങ്ങളിലേക്കും കിടമത്സരങ്ങളിലേക്കും പരലോകത്തിന് വേണ്ടി പൂർണ്ണമായി മാറിയിരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിലേക്കുമാണ് അവ മനുഷ്യരെ നയിക്കുക. അക്കാര്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നബി -ﷺ- ഒരു ഉദാഹരണവും പറഞ്ഞു; അതിപ്രകാരമായിരുന്നു: വസന്തകാലത്ത് മുളക്കുന്ന ചെടികളിലും പച്ചപ്പുകളിലും ചിലത് കന്നുകാലികൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ അവ അധികമായി ഭക്ഷിച്ചാൽ വയറു നിറഞ്ഞ് ചത്തു പോവുകയോ മരണാസന്നമാവുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്തേക്കാം. എന്നാൽ മിതമായി ഭക്ഷിക്കുന്ന ചില കന്നുകാലികളുണ്ട്; അവ തങ്ങളുടെ വയറിൻ്റെ വശങ്ങൾ നിറയുന്നത് വരെ ഭക്ഷിക്കുകയും, പിന്നീട് വെയിൽ കായുകയും, കുഴമ്പു രൂപത്തിൽ കാഷ്ടിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയും, പിന്നീട് വയറ്റിലുള്ളത് വീണ്ടും അയവിറക്കുകയും ,ശേഷം വീണ്ടും മേയാൻ പോവുകയും ചെയ്യും. സമ്പത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെ; പച്ചപ്പു നിറഞ്ഞ രുചികരമായ പുല്ലു പോലെയാണതും. അധികരിച്ചാൽ അത് മനുഷ്യനെ തകർത്തു കളയുകയോ തകർച്ചയുടെ വക്കിലേക്ക് എത്തിക്കുകയോ ചെയ്യും. എന്നാൽ ആവശ്യത്തിനുള്ളതിൽ മാത്രം ഒതുങ്ങുകയും, അനുവദനീയമായ മാർഗത്തിലൂടെ വേണ്ടത് മാത്രം തേടുകയും ചെയ്താൽ അത് കൊണ്ട് ഉപദ്രവമില്ല. ദരിദ്രർക്കും അനാഥർക്കും വഴിപോക്കർക്കും തൻ്റെ സമ്പത്തിൽ നിന്ന് എടുത്തു നൽകുന്നുവെങ്കിൽ ഒരു മുസ്‌ലിമിന് എത്രമേൽ നല്ലതാണ് സമ്പത്ത്! തനിക്ക് അർഹമായ രൂപത്തിൽ മാത്രം അത് സമ്പാദിക്കുന്നന് അതിൽ അനുഗ്രഹം നൽകപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ തനിക്ക് അർഹമല്ലാത്ത രൂപത്തിൽ അത് സമ്പാദിക്കുന്നവൻ്റെ കാര്യം ഭക്ഷിച്ചിട്ടും ഭക്ഷിച്ചിട്ടും വയറു നിറയാത്ത ഒരുവനെ പോലെയാണ്. അന്ത്യനാളിൽ ആ സമ്പത്ത് അവനെതിരെയുള്ള സാക്ഷിയായിരിക്കുന്നതുമാണ്.