ദുആ (പ്രാർത്ഥന) തന്നെയാകുന്നു ഇബാദത്ത് (ആരാധന) എന്ന് നബി ﷺ ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ നിർബന്ധമായും അല്ലാഹുവിനോട് മാത്രമേ ആകാൻ പാടുള്ളൂ. അല്ലാഹുവിനോടുള്ള തേട്ടവും ചോദ്യങ്ങളും പ്രാർത്ഥനയാകുന്നത് പോലെ, അല്ലാഹുവിനുള്ള എല്ലാ ആരാധനാകർമ്മങ്ങളും പ്രാർത്ഥന അടങ്ങുന്നതാണ്. ഒന്നാമത്തേത് (തേട്ടമാകുന്ന പ്രാർത്ഥന) അല്ലാഹുവിനോട് നന്മക്ക് വേണ്ടി ചോദിക്കലും, ഇഹപരലോകങ്ങളിലെ ഉപദ്രവങ്ങളിൽ നിന്ന് തടുക്കാൻ തേടലുമാണെങ്കിൽ രണ്ടാമത്തേത് (ആരാധനയിലുള്ള പ്രാർത്ഥന) അല്ലാഹുവിന് തൃപ്തികരവും ഇഷ്ടമുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഹൃദയം കൊണ്ടും, ശരീരം കൊണ്ടും, സമ്പത്ത് കൊണ്ടുമെല്ലാം ചെയ്യുന്ന ആരാധനകൾ ഈ പറഞ്ഞതിൽ ഉൾപ്പെടും. പ്രാർത്ഥന ആരാധനയാണെന്നതിന് നബി ﷺ ഖുർആനിൽ നിന്നുള്ള തെളിവ് അവരെ കേൾപ്പിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്." (ഗാഫിർ: 60)