ഒരാൾ മരണപ്പെട്ടാൽ ആ വ്യക്തിയുടെ പ്രവർത്തനങ്ങൾ അതോടെ നിലച്ചുപോകുമെന്നും, ഹദീഥിൽ പറയപ്പെട്ട മൂന്ന് പ്രവർത്തനങ്ങൾ -അവക്ക് കാരണമായത് അവനായിരുന്നു എന്നതിനാൽ, അവയൊഴികെ മറ്റൊന്നും- നന്മകളായി അവനിലേക്ക് ചേർക്കപ്പെടുകയില്ല എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന്: തുടരുന്ന പ്രതിഫലമുള്ളതും, നിലനിൽക്കുന്നതുമായ സ്വദഖഃ. അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും വസ്തു വഖ്ഫാക്കുക, മസ്ജിദുകൾ നിർമ്മിക്കുക, കിണറുകൾ കുഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം. രണ്ട്: ജനങ്ങൾക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാനം. വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിക്കുകയോ, മറ്റൊരാൾക്ക് മതവിജ്ഞാനം പകർന്നു നൽകിയതു കാരണത്താൽ അയാൾ ഈ വ്യക്തിയുടെ മരണശേഷം അത് മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയോ ചെയ്യുക എന്നത് ഉദാഹരണം. മൂന്ന്: മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സത്യവിശ്വാസിയും സൽക്കർമ്മിയുമായ സന്താനം.