നബി -ﷺ- ബനൂ സുലൈം ഗോത്രത്തിൽ നിന്ന് സകാത്ത് ശേഖരിക്കാൻ ഇബ്നുല്ലുത്ബിയ്യ എന്ന് പേരുള്ള ഒരാളെ നിയമിച്ചു. അദ്ദേഹം മദീനയിലേക്ക് തിരിച്ചെത്തിയപ്പോൾ, പിരിച്ചെടുത്തതും ചെലവഴിച്ചതുമായ കാര്യങ്ങളിൽ നബി -ﷺ- അദ്ദേഹത്തോട് കണക്ക് ചോദിച്ചു. അപ്പോൾ ഇബ്നുല്ലുത്ബിയ്യ പറഞ്ഞു: "ഞാൻ സകാത്തായി ശേഖരിച്ച നിങ്ങളുടെ സ്വത്താണിത്. ഈ സ്വത്ത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ സത്യവാനാണെങ്കിൽ നിന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ നിനക്ക് സമ്മാനം ലഭിക്കുമായിരുന്നോ എന്ന് നിനക്ക് നോക്കിക്കൂടായിരുന്നോ? നീ പ്രവർത്തിച്ച നിൻ്റെ മേൽ ബാധ്യതയായ ജോലി നിർവ്വഹിച്ചു എന്നത് കൊണ്ടാണ് നിനക്ക് സമ്മാനം ലഭിച്ചത്. നീ നിന്റെ വീട്ടിൽ ഇരുന്നിരുന്നെങ്കിൽ നിനക്ക് ഒന്നും സമ്മാനമായി ലഭിക്കുമായിരുന്നില്ല. അതിനാൽ, സമ്മാനത്തിൻ്റെയും ഉപഹാരത്തിൻ്റെയും രൂപത്തിൽ ലഭിച്ചു എന്നതുകൊണ്ട് മാത്രം ആ സമ്പത്ത് നിനക്ക് അനുവദനീയമാണെന്ന് കരുതരുത്." പിന്നീട് നബി -ﷺ- കോപിഷ്ടനായ നിലയിൽ മിമ്പറിൽ കയറി നിന്നു കൊണ്ട് പ്രസംഗിച്ചു. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹു എനിക്ക് കൈകാര്യം ചെയ്യാൻ അധികാരം നൽകിയിട്ടുള്ള സകാത്തുകൾ, ഗനീമത്ത് മുതലുകൾ തുടങ്ങിയ കാര്യങ്ങളിൽ ഞാൻ നിങ്ങളിൽ ഒരാളെ ഒരു ഉദ്യോഗസ്ഥനായി നിയമിക്കുന്നു. എന്നിട്ട് അവൻ തന്റെ ജോലിയിൽ നിന്ന് തിരികെ വന്നു കൊണ്ട് പറയുന്നു: 'ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി ലഭിച്ചതാണ്!' അവൻ തന്റെ പിതാവിന്റെയും മാതാവിന്റെയും വീട്ടിലിരുന്നിരുന്നെങ്കിൽ അവന് സമ്മാനം ലഭിക്കുമായിരുന്നോ? അല്ലാഹു സത്യം! അവകാശമില്ലാതെ ആരെങ്കിലും എന്തെങ്കിലും എടുത്താൽ, ഖിയാമത്ത് നാളിൽ അത് തന്റെ കഴുത്തിൽ ചുമന്നുകൊണ്ട് അവൻ അല്ലാഹുവിനെ കണ്ടുമുട്ടും. അത് ഒച്ചവെക്കുന്ന ഒട്ടകമാണെങ്കിൽ ഒച്ച വെക്കുന്ന നിലയിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ കരയുന്ന പശുവാണെങ്കിൽ അതിനെ ചുമന്നു കൊണ്ട്, അല്ലെങ്കിൽ ശബ്ദമുണ്ടാക്കുന്ന ആടാണെങ്കിൽ അതിനെ ചുമന്നു കൊണ്ട് അവൻ വന്നെത്തുന്നതാണ്." പിന്നീട് അവിടുന്ന് തന്റെ കൈകൾ ഉയർത്തി, അവിടെ ഇരുന്നവർക്ക് അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് കാണാവുന്നതുവരെ. എന്നിട്ട് അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ! ഞാൻ ഇവരിലേക്ക് അല്ലാഹുവിന്റെ വിധി എത്തിച്ചില്ലേ?" അബൂഹുമൈദ് അസ്സാഇദീ -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഇത് എൻ്റെ കണ്ണ് കൊണ്ട് ഞാൻ കണ്ടതും എൻ്റെ കാത് കൊണ്ട് ഞാൻ കേട്ടതുമായ കാര്യങ്ങളിൽ പെട്ടതാണ്.