അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "(ഭരണാധികാരികളിൽ നിന്ന്) സ്വജനപക്ഷപാതവും നിങ്ങൾക്ക് അനിഷ്ടകരമായ ചില കാര്യങ്ങളും ഭാവിയിൽ ഉണ്ടാകുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അപ്പോൾ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?" നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേലുള്ള ബാധ്യതകൾ നിങ്ങൾ നിറവേറ്റുക. നിങ്ങൾക്കുള്ളത് നിങ്ങൾ അല്ലാഹുവിനോട് തേടുകയും ചെയ്യുക." صحيح - متفق عليه
explain-icon

വിശദീകരണം

മുസ്‌ലിംകളുടെ സമ്പത്തിലും ഐഹികമായ കാര്യങ്ങളിലും തങ്ങളുടെ സ്വേഛകളും ഇഷ്ടങ്ങളും നടപ്പിൽ വരുത്തുന്ന ഭരണാധികാരികൾ ഉണ്ടാകുന്നതാണെന്നും, അവർ പൊതുസമ്പത്തിൽ തങ്ങളുടെ ഇഷ്ടമനുസരിച്ച് കൈകടത്തുകയും, മുസ്‌ലിം പൊതുജനങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതോടൊപ്പം മതപരമായ വിഷയങ്ങളിൽ അനിഷ്ടകരമായ പലതും അവരിൽ നിന്നും ഉണ്ടാകുന്നതാണ്. ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "ഈ അവസ്ഥയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?" ഭരണാധികാരികൾ പൊതുസമ്പത്ത് സ്വന്തത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് അവരോട് നിങ്ങൾക്കുള്ള ബാധ്യത -അവരെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്നത്- നിങ്ങൾ തടയരുത്. മറിച്ച്, അവരുടെ പ്രയാസങ്ങളിൽ ക്ഷമിക്കുകയും അവരെ കേൾക്കുകയും അനുസരിക്കുകയും ഭരണവിഷയങ്ങളിൽ അവർക്കെതിരെ നിലകൊള്ളാതിരിക്കുകയും ചെയ്യുക. നിങ്ങൾക്ക് അർഹതപ്പെട്ടത് നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുക. ഭരണാധികാരികളെ നേർവഴിയിലാക്കാനും അവരെ കൊണ്ടുള്ള ഉപദ്രവങ്ങളും അവരുടെ അതിക്രമങ്ങളും തടുയാനും അല്ലാഹുവിനോട് തേടുക.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ തെളിവാണ് ഈ ഹദീഥ്. തൻ്റെ ഉമ്മത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യം അവിടുന്ന് മുൻപേ പ്രവചിച്ചിരിക്കുന്നു. അവിടുന്ന് -ﷺ- പറഞ്ഞത് പോലെ അത് സംഭവിക്കുകയും ചെയ്തു.
  • പ്രയാസം ബാധിക്കാനിരിക്കുന്നവരെ അതിനെ കുറിച്ച് മുൻപ് തന്നെ അറിയിക്കുന്നത് അനുവദനീയമാണ്; അവർക്ക് തയ്യാറെടുപ്പുകൾ നടത്താനും, താൻ കാത്തിരുന്നത് വന്നെത്തുമ്പോൾ ക്ഷമിക്കാനും അല്ലാഹുവിൻ്റെ പ്രതിഫലത്തിനായി പ്രതീക്ഷ വെക്കാനും അതവന് സഹായകമായിരിക്കും.
  • അല്ലാഹുവിൻ്റെ ഖുർആനും നബി -ﷺ- യുടെ സുന്നത്തും മുറുകെ പിടിക്കുക എന്നതാണ് ഫിത്നകളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം.
  • നന്മകളിൽ ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം. അവരിൽ നിന്ന് അതിക്രമങ്ങളും അനീതിയും സംഭവിച്ചാൽ പോലും അവർക്കെതിരെ വിപ്ലവം നയിച്ചു കൂടാ.
  • ഫിത്നകളുടെയും കുഴപ്പങ്ങളുടെയും സമയങ്ങളിൽ യുക്തിഭദ്രമായി നീങ്ങുകയും, നബി -ﷺ- യുടെ സുന്നത്ത് പ്രാവർത്തികമാക്കുകയുമാണ് വേണ്ടത്.
  • നിന്നോട് ഒരാൾ അതിക്രമം പ്രവർത്തിച്ചാലും നിൻ്റെ മേലുള്ള ബാധ്യതകൾ നിറവേറ്റുക എന്നതാണ് നിനക്ക് മേൽ നിർബന്ധമായിട്ടുള്ളത്.
  • രണ്ട് ഉപദ്രവങ്ങൾ നിശ്ചയമായും സംഭവിക്കുമെങ്കിൽ അവയിൽ താരതമ്യേന ചെറുതോ ഉപദ്രവം കുറഞ്ഞതോ തിരഞ്ഞെടുക്കണം എന്ന പൊതുനിയമത്തിനുള്ള തെളിവാണ് ഈ ഹദീഥ്.