ഒരു സമൂഹത്തിൽ ജീവിക്കുന്ന ഏതൊരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളവും അവൻ ശ്രദ്ധിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ അവൻ്റെ മേലുണ്ട് എന്ന് നബി -ﷺ- അറിയിക്കുന്നു. ഭരണാധികാരിയും നേതാവും അല്ലാഹു അവൻ്റെ കീഴിൽ ഏൽപ്പിച്ചു നൽകിയവരുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഇടയനാണ്. അവരുടെ വിഷയത്തിൽ അല്ലാഹു അവതരിപ്പിച്ച വിധിവിലക്കുകൾ പാലിക്കുക എന്നതും, അവർക്കെതിരെ അക്രമം നയിക്കുന്നവർക്കെതിരെ അവരെ സംരക്ഷിക്കുക എന്നതും, അവരുടെ അവകാശങ്ങൾ പാഴാക്കാതിരിക്കുക എന്നതുമെല്ലാം അവരുടെ ഉത്തരവാദിത്തങ്ങളാണ്. പുരുഷൻ അവൻ്റെ വീട്ടുകാരുടെ കാര്യത്തിൽ ഉത്തരവാദിത്തമുള്ളവനാണ്; അവരുടെ ചെലവുകൾ നടത്തുക എന്നതും, നല്ല ദാമ്പത്യബന്ധം കാത്തുസൂക്ഷിക്കുക എന്നതും, അവരെ പഠിപ്പിക്കുകയും നല്ല മര്യാദകളിൽ വളർത്തുക എന്നതും അവൻ്റെ ബാധ്യതയാണ്. സ്ത്രീ തൻ്റെ ഭർത്താവിൻ്റെ വീട്ടിലെ ഉത്തരവാദിത്തം ശ്രദ്ധിക്കേണ്ടവളാണ്. തൻ്റെ വീടിൻ്റെ നിയന്ത്രണം നന്നാക്കുക എന്നതും, കുട്ടികൾക്ക് നല്ല ശിക്ഷണം നൽകുക എന്നതും അവളുടെ ബാധ്യതയാണ്. അതിനെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടുന്നതാണ്. അടിമയും വേലക്കാരനും തൊഴിലാളിയും തൻ്റെ മുതലാളിയുടെ സമ്പത്തിൻ്റെ കാര്യത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവനാണ്. അവൻ്റെ കയ്യിൽ ഏൽപ്പിക്കപ്പെട്ട സമ്പത്ത് സംരക്ഷിക്കുകയും, അത് പരിചരിക്കുകയും ചെയ്യുക എന്നത് അവൻ്റെ ബാധ്യതയാണ്. അതിനെ കുറിച്ച് നാളെ അവനും ചോദ്യം ചെയ്യപ്പെടുന്നതാണ്. ചുരുക്കത്തിൽ എല്ലാവരും അവർക്ക് കീഴിലുള്ളവരുടെ കാര്യങ്ങൾ ഉത്തരവാദിത്തമായി ഏൽപ്പിക്കപ്പെട്ടവരാണ്. എല്ലാവരും തങ്ങൾക്ക് കീഴിലുള്ളതിനെ കുറിച്ച് നാളെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.