റാഫിഅ് ഇബ്നു ഖദീജ് (رضي الله عنه) അറിയിക്കുന്നു: അവർ നബിയുടെ (ﷺ) കൂടെ ദുൽ-ഹുലൈഫയിലായിരുന്ന വേളയിൽ ജനങ്ങൾക്ക് വിശപ്പ് ബാധിച്ചു. ബഹുദൈവാരാധകരിൽ നിന്ന് അവർ യുദ്ധാർജ്ജിത സ്വത്തായി ചില ഒട്ടകങ്ങളെയും ആടുകളെയും പിടികൂടിയിരുന്നു. അവർ യുദ്ധാർജ്ജിത സ്വത്ത് വിഹിതം വെക്കുന്നതിന് മുൻപ് അവയെ അറുക്കുകയും, നബിയോട് (ﷺ) അനുമതി ചോദിക്കാതെ അവ പാചകം ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. നബിയാകട്ടെ (ﷺ) , സൈന്യത്തിൻ്റെ പിറകുഭാഗത്തായിരുന്നു. എന്നാൽ, ഈ വിവരം അറിഞ്ഞപ്പോൾ നബി (ﷺ) അവരുടെ പാത്രങ്ങൾ മറിച്ചു കളയാനും, അതിലുള്ള കറി ഒഴുക്കിക്കളയാനും കൽപ്പിച്ചു. ശേഷം അവിടുന്ന് യുദ്ധാർജ്ജിത സ്വത്ത് അവർക്കിടയിൽ വീതം വെച്ചു. പത്ത് ആടുകളെ ഒരു ഒട്ടകത്തിന് തുല്യമായാണ് അവിടുന്ന് ഗണിച്ചത്. അങ്ങനെയിരിക്കെ, ഒരു ഒട്ടകം ഓടിപ്പോയി. സ്വഹാബികൾക്ക് അതിനോടൊപ്പം എത്താനോ അതിനെ പിടിച്ചു വെക്കാനോ കഴിഞ്ഞില്ല. അവരോടൊപ്പം കുറച്ച് കുതിരകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അവരിലൊരാൾ അതിലൊന്നിനെ അമ്പ് കൊണ്ട് എറിയുകയും, അല്ലാഹു അവർക്കായി അതിനെ തടഞ്ഞു നിറുത്തുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: "മനുഷ്യരോട് ഇണക്കമുള്ള ജീവികളാണ് ഇവയെങ്കിലും വന്യമൃഗങ്ങളുടേതായ ഒരു പ്രകൃതം ഇവക്കുണ്ട്; അതിനാൽ അവയിൽ ഏതെങ്കിലുമൊന്ന് നിങ്ങളെ മറികടക്കുകയും, അവയെ പിടിച്ചു വെക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരികയും ചെയ്താൽ ഇപ്രകാരം നിങ്ങൾ ചെയ്തു കൊള്ളുക." അപ്പോൾ റാഫിഅ് ബ്നു ഖദീജ് നബിയോട് (ﷺ) ചോദിച്ചു: "ഞങ്ങൾ നാളെ ശത്രുക്കളെ നേരിടാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൃഗങ്ങളെ ഞങ്ങളുടെ ആയുധങ്ങൾ കൊണ്ട് അറുത്താൽ അവയുടെ മൂർച്ച നഷ്ടമാവുകയും, അത് ഞങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്തേക്കുമോ എന്ന് ഞങ്ങൾ ഭയക്കുന്നു. എന്നാൽ മൃഗങ്ങളെ അറുക്കുക എന്നത് ഇപ്പോൾ അനിവാര്യമാണ്. നമ്മുടെ കയ്യിൽ വേറെ കത്തികളൊന്നുമില്ല.അതിനാൽ ഉണങ്ങിയ മുളത്തണ്ടുകൾ കൊണ്ട് ഞങ്ങൾ മൃഗങ്ങളെ അറുക്കട്ടെയോ?!" നബി (ﷺ) പറഞ്ഞു: "രക്തം ചിന്തുകയും അവ ഒഴുകാനും ശക്തമായി പുറത്തേക്ക് തെറിക്കാനും സാധ്യമാകുന്ന വിധത്തിലുള്ള ഏതു വസ്തു കൊണ്ടും നിങ്ങൾക്ക് അറുക്കാം. ഇങ്ങനെ അറുക്കപ്പെടുകയും, അവയുടെ മേൽ അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിൽ അവ നിങ്ങൾക്ക് ഭക്ഷിക്കാം. പക്ഷേ, ഈ പറഞ്ഞതിൽ നിന്ന് പല്ലും നഖവും ഒഴിവാണ്. അവയുടെ കാര്യം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം; പല്ലുകൾ എല്ലുകളിലാണ് എണ്ണപ്പെടുക. നഖങ്ങൾ കൊണ്ട് അറുക്കുക എന്നത് കുഫ്ഫാറുകളായ നിഷേധികളായ അബ്സീനിയക്കാരുടെ രീതിയാണ്."