ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഈ ദീൻ വ്യാപിക്കുമെന്നും, രാത്രിയും പകലും ചെന്നെത്തിയ ഏതെല്ലാമിടങ്ങളുണ്ടോ, അവിടെയെല്ലാം ഇസ്‌ലാമിൻ്റെ സന്ദേശം എത്താതിരിക്കില്ലെന്നും നബി -ﷺ- അറിയിക്കുന്നു. പട്ടണങ്ങളിലും അങ്ങാടികളിലുമുള്ള ഭവനങ്ങളാകട്ടെ, ഗ്രാമങ്ങളിലും വിജനപ്രദേശങ്ങളിലുമുള്ള വീടുകളാകട്ടെ; അവിടെയെല്ലാം ഈ ദീൻ അല്ലാഹു പ്രവേശിപ്പിക്കാതെ വിടുകയില്ല. ആരെങ്കിലും ഈ ദീൻ സ്വീകരിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ അവന് ഇസ്‌ലാമിൻ്റെ പ്രതാപം കാരണത്താൽ പ്രതാപം നേടാൻ കഴിയും. ആരെങ്കിലും ഇതിനെ തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്താൽ അവൻ നിന്ദ്യനും അപമാനിതനുമാകും. ശേഷം സ്വഹാബിയായ തമീമുദ്ദാരി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ ഈ വാക്ക് താൻ തൻ്റെ കുടുംബക്കാരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്ന് അറിയിക്കുന്നു. അവരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവർക്ക് നന്മകളും ശ്രേഷ്ഠതകളും പ്രതാപവും നേടിയെടുക്കാൻ കഴിഞ്ഞു. അവരിൽ നിന്ന് നിഷേധം സ്വീകരിച്ചവർക്ക് നിന്ദ്യതയും അപമാനവും വന്നെത്തി. അതോടൊപ്പം മുസ്‌ലിംകൾക്ക് നിശ്ചിത തുകയായി ജിസ്‌യ നൽകുക എന്ന ബാധ്യതയും അവരുടെ മേൽ വന്നുചേർന്നു.