നബി -ﷺ- സ്വഹാബികളോട് ഒരിക്കൽ ചോദിച്ചു: "ആരാണ് പാപ്പരായവർ എന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "സമ്പത്തോ സമ്പാദ്യമോ ഇല്ലാത്തവരാണ് ഞങ്ങൾക്കിടയിൽ പാപ്പരായി പരിഗണിക്കപ്പെടുക." അപ്പോൾ നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ പാപ്പരായവൻ എന്നാൽ അന്ത്യനാളിൽ നിസ്കാരവും നോമ്പും സകാത്തും പോലുള്ള ധാരാളം സൽകർമ്മങ്ങളുമായി വന്നെത്തുന്ന ഒരു വ്യക്തിയാണ്. എന്നാൽ അവൻ പലരെയും ചീത്തപറഞ്ഞും മോശം വാക്കുകളാൽ ആക്ഷേപിച്ചു കൊണ്ടുമാണ് വന്നിരിക്കുന്നത്. വേറെ ചിലരുടെ അഭിമാനത്തെ ആക്ഷേപിക്കുകയും, മറ്റു ചിലരുടെ സമ്പത്ത് ഭക്ഷിക്കുകയും അവകാശങ്ങളെ നിഷേധിക്കുകയും, ചിലരുടെ രക്തം ചൊരിയുകയും അവരോട് അതിക്രമം പ്രവർത്തിക്കുകയും, ഇനി ചിലരെ അടിക്കുകയും അപമാനിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അങ്ങനെ അവൻ്റെ അതിക്രമത്തിന് ഇരയായവർക്ക് അവൻ്റെ നന്മകളിൽ നിന്ന് നൽകപ്പെടും. അവൻ്റെ അവകാശധംസ്വനങ്ങൾക്കും അതിക്രമങ്ങൾക്കും പകരമായി നൽകാൻ നന്മകൾ അവൻ്റെ പക്കൽ ഇല്ലാതെ വന്നാൽ അതോടെ അവൻ്റെ അതിക്രമത്തിന് ഇരയായവരുടെ തിന്മകൾ എടുക്കുകയും അതിക്രമിയുടെ മേൽ അത് ചാർത്തപ്പെടുകയും ചെയ്യും. ശേഷം ഒരു നന്മകളുമില്ലാത്ത നിലയിൽ, അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.