മുസ്‌ലിംകൾക്കിടയിൽ പരസ്പര ശത്രുതയും ഭിന്നിപ്പും ഉടലെടുക്കാൻ കാരണമാകുന്ന ചില കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിലക്കുന്നു. അതിൽ പെട്ടതാണ്: ഊഹം: ഒരു തെളിവുമില്ലാതെ മറ്റൊരാളെ കുറിച്ച് മനസ്സിൽ മോശമായ ചിന്ത ഉണ്ടാകുന്നതിനാണ് ഊഹം എന്ന് പറയുന്നത്. സംസാരങ്ങളിൽ ഏറ്റവും കളവ് ഊഹങ്ങളാണ് എന്ന് നബി -ﷺ- വിവരിക്കുന്നു. കുറവുകൾ ചികയൽ: ജനങ്ങളുടെ ന്യൂനതകളും കുറവുകളും കണ്ടെത്താൻ കണ്ണും ചെവിയും തുറന്നു വെക്കുന്ന സ്വഭാവമാണത്. ചാരപ്പണി: രഹസ്യമായ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ചാരപ്പണി എന്ന് പറയുന്നത്. തിന്മകൾ അന്വേഷിക്കുന്നതിനാണ് ഈ വാക്ക് കൂടുതലും പ്രയോഗിക്കപ്പെടാറുള്ളത്. അസൂയ: മറ്റുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതിലുള്ള അനിഷ്ടമാണ് അത് കൊണ്ട് ഉദ്ദേശ്യം. പരസ്പരം തിരിഞ്ഞു കളയൽ: അതായത് തമ്മിൽ കണ്ടാൽ മുഖം തിരിച്ചു കളയൽ. തൻ്റെ സഹോദരനായ മുസ്‌ലിമിനോട് സലാം പറയുകയോ, അവനെ സന്ദർശിക്കുകയോ ചെയ്യാതിരിക്കൽ. പരസ്പരം വെറുക്കൽ: പരസ്പരം മനസ്സ് കൊണ്ട് വെറുക്കുകയും അകലുകയും, മറ്റുള്ളവരെ ഉപദ്രവിക്കുകയും, മുഖം ചുളിക്കുകയും നേർക്കുനേരെ മുഖം കൊടുക്കാതിരിക്കുകയും ചെയ്യുന്നതെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. ഈ തിന്മകളിൽ നിന്നെല്ലാം വിലക്കിയതിന് ശേഷം നബി -ﷺ- ഇതിനെയെല്ലാം ഒരുമിപ്പിക്കുന്ന, മുസ്‌ലിംകൾ തമ്മിലുള്ള അവസ്ഥ നന്നാക്കുന്ന മനോഹരമായ ഒരു വാക്ക് പറഞ്ഞു: "നിങ്ങൾ പരസ്പര സഹോദരങ്ങളായി, അല്ലാഹുവിൻ്റെ അടിമകളാവുക" എന്നതായിരുന്നു അത്. പരസ്പരസാഹോദര്യം എന്നത് ജനങ്ങൾക്കിടയിലെ ബന്ധങ്ങളെ ചേർത്തു നിർത്തുന്ന ഘടകമാണ്. അവർക്കിടയിലെ സ്നേഹവും ഐക്യവും അതിലൂടെ വർദ്ധിക്കും.