നബി -ﷺ- ഒരിക്കൽ രണ്ട് ഖബ്റുകളുടെ അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് പറഞ്ഞു: ഈ ഖബ്റിലുള്ള രണ്ടു പേരും ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ ഒരു കാര്യമായിട്ടുള്ള വിഷയത്തിലല്ല അവർ ശിക്ഷിക്കപ്പെടുന്നത്; എന്നാൽ ഈ രണ്ട് കാര്യങ്ങളും അല്ലാഹുവിങ്കൽ വളരെ ഗൗരവപ്പെട്ടത് തന്നെയാണ്. അവരിൽ ഒരാൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുമ്പോൾ തൻ്റെ ശരീരത്തിലോ വസ്ത്രത്തിലോ മൂത്രം തെറിക്കുന്നത് സൂക്ഷിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നില്ല. രണ്ടാമത്തെ വ്യക്തി ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്ന മനുഷ്യനായിരുന്നു. ജനങ്ങൾക്കിടയിൽ കുഴപ്പവും ഭിന്നതയും പ്രശ്നങ്ങളും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കിടയിൽ എത്തിച്ചു കൊടുക്കുകയായിരുന്നു അയാളുടെ പണി.