മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സഹയാത്രികനായി, ഉഫൈർ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് (യാത്ര ചെയ്യുന്നതിനിടയിൽ) നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ മുആദ്! അല്ലാഹുവിന് അവൻ്റെ ദാസന്മാർക്ക് മേലുള്ള അവകാശവും, ദാസന്മാർക്ക് അല്ലാഹുവിൻ്റെ മേലുള്ള അവകാശവും എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും റസൂലിനുമാണ് കൂടൂതൽ അറിയുക!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ മാത്രം അവൻ്റെ ദാസന്മാർ ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യണമെന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്തവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണ് അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം." ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷവാർത്ത അറിയിക്കട്ടെയോ?!" നബി -ﷺ- പറഞ്ഞു: "നീ അവരോട് അറിയിക്കേണ്ടതില്ല. കാരണം അവരതിൽ പിടിച്ചു തൂങ്ങിയേക്കാം." صحيح - متفق عليه
explain-icon

വിശദീകരണം

അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശവും, അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശവുമാണ് ഈ ഹദീഥിലൂടെ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള അവകാശം. അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത പരിപൂർണ്ണ മുവഹ്ഹിദുകളെ (ഏകദൈവാരാധകരെ) ശിക്ഷിക്കാതിരിക്കുക എന്നതാണ് അവൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കലുള്ള അവകാശം. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങളോട് ഞാൻ ഈ മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ച് അറിയിച്ചു കൊടുക്കട്ടെയോ?! അവർക്ക് അത് സന്തോഷം പകരുമല്ലോ?!" എന്നാൽ നബി -ﷺ- അദ്ദേഹത്തെ വിലക്കി. ജനങ്ങൾ ഇത് കേട്ടാൽ ഈ ശ്രേഷ്ഠതയിൽ മാത്രം പ്രതീക്ഷവെക്കും (പ്രവർത്തനങ്ങൾ ചെയ്യാത്തവരായി മാറും) എന്ന ഭയമാണതിന് കാരണം.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിന് അവൻ്റെ അടിമകളുടെ മേലുള്ള, അവൻ അവരുടെ മേൽ നിർബന്ധമാക്കിയ അവകാശം അവർ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതും, അവനിൽ യാതൊന്നിനെയും പങ്കുചേർത്തുകൂടാ എന്നതുമാണ്.
  • അല്ലാഹു സ്വയം തനിക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ് അടിമകളുടെ അവകാശം എന്ന് പറഞ്ഞത്; അവൻ തൻ്റെ ദാസന്മാർക്ക് ഔദാര്യമായും അനുഗ്രഹമായും നൽകിയതാണത്. അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാം എന്നതും, അവരെ ശിക്ഷിക്കുകയില്ല എന്നതുമാണത്.
  • അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാത്ത ശുദ്ധമായ ഏകദൈവാരാധന (തൗഹീദ്) കാത്തുസൂക്ഷിക്കുന്നവർക്കുള്ള മഹത്തരമായ സന്തോഷവാർത്ത ഈ ഹദീഥിലുണ്ട്. അവരുടെ സങ്കേതവും പര്യവസാനവും സ്വർഗമായിരിക്കും.
  • മുആദ് -رَضِيَ اللَّهُ عَنْهُ- മരണത്തിന് തൊട്ടുമുൻപാണ് ഈ ഹദീഥ് മറ്റുള്ളവരോട് പറഞ്ഞത്; ഈ ഹദീഥ് പൂർണ്ണമായി മറച്ചു വെക്കുന്നത് വിജ്ഞാനം മറച്ചു വെക്കുക എന്ന തിന്മയിൽ ഉൾപ്പെടുമോ എന്ന ഭയം കാരണത്താലാണ് അദ്ദേഹം അത് പറഞ്ഞത്.
  • ചില ഹദീഥുകൾ അവയുടെ അർത്ഥം മനസ്സിലാക്കാൻ സാധിക്കാത്തവരോട് പറയാതിരിക്കുകയാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ. പ്രത്യേകിച്ചെന്തെങ്കിലുമൊരു പ്രവർത്തനമോ ഏതെങ്കിലും മതപരമായ വിധിവിലക്കുകളോ പരാമർശിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകളുടെ കാര്യമാണിത്.
  • അല്ലാഹുവിനെ മാത്രം ആരാധിച്ച തൗഹീദുള്ളവരിൽ തിന്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരുടെ കാര്യം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് കീഴിലാണ്. അവൻ ഉദ്ദേശിച്ചാൽ അവരെ ശിക്ഷിച്ചേക്കാം. അതല്ലെങ്കിൽ അവൻ അവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തേക്കാം. രണ്ടാണെങ്കിലും അവരുടെ അവസാന സങ്കേതം സ്വർഗമായിരിക്കും.