ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ജോത്സ്യന്മാരെ കുറിച്ച് നബി -ﷺ- യോട് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ അവരെ പരിഗണിക്കേണ്ടതേയില്ല. അവരുടെ വാക്കുകൾ സ്വീകരിക്കുകയോ അവരെ കാര്യമായെടുക്കുകയോ ചെയ്യേണ്ടതില്ല. അപ്പോൾ അവർ ചോദിച്ചു: സംഭവിക്കുന്ന കാര്യങ്ങളോട് ചിലപ്പോഴെങ്കിലും അവരുടെ വാക്കുകൾ യോജിക്കുന്നുണ്ടല്ലോ? ഉദാഹരണത്തിന് ഇന്ന മാസത്തിൽ ഇന്ന ദിവസം ഇപ്രകാരം സംഭവിക്കുന്നതാണ് എന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചു കാണാറുണ്ടല്ലോ?! അപ്പോൾ നബി -ﷺ- പറഞ്ഞു: ജിന്നുകൾ ആകാശലോകത്ത് നിന്നുള്ള സംസാരം കട്ടുകേൾക്കുകയും, അവർ തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാരുടെ അടുക്കൽ ചെല്ലുകയും കേട്ടകാര്യങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യും. ഈ കേട്ടതിനൊപ്പം ജോത്സ്യൻ നൂറ് കളവുകൾ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുകയും ചെയ്യും.