മഹത്തരമായ ഒരു ആയത്തിൻ്റെ വിശദീകരണമാണ് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- അറിയിക്കുന്നത്. നൂഹ് നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൽ പങ്കുചേർക്കരുതെന്ന് കൽപ്പിച്ചപ്പോൾ അതിനെതിരായി, നിങ്ങൾ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹത്തിൻ്റെ ജനത പരസ്പരം ഉപദേശിച്ചതിനെ കുറിച്ചാണ് പ്രസ്തുത ആയത്ത് അറിയിക്കുന്നത്. ആ ആയത്തിൽ പറയപ്പെട്ട വിഗ്രഹങ്ങളുടെ പേരുകൾ യഥാർത്ഥത്തിൽ അവരിലെ സ്വാലിഹീങ്ങളായ ചിലരുടെ പേരുകളായിരുന്നു എന്നും, പിന്നീട് പിശാചിൻ്റെ വഞ്ചന കാരണത്താൽ ആ ജനത അവരുടെ കാര്യത്തിൽ അതിരുകവിയുകയും, അവരുടെ രൂപങ്ങൾ നിർമ്മിക്കുകയും, ശേഷം ഈ രൂപങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളായി തീരുകയുമാണ് ഉണ്ടായത് എന്ന് ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- വിശദീകരിക്കുന്നു.