ശകുനം നോക്കുക എന്നതിൻ്റെ പേരിൽ തീരുമാനിച്ചുറപ്പിച്ച ഒരു കാര്യത്തിൽ നിന്ന് ആരെങ്കിലും പിന്നോട്ട് പോയാൽ അവൻ ശിർക്കിൻ്റെ ഇനങ്ങളിൽ പെട്ട ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു എന്ന് നബി -ﷺ- ഈ ഹദീഥിൽ നമ്മെ അറിയിക്കുന്നു. ഗുരുതരമായ ഈ തിന്മ പ്രവർത്തിച്ചു പോയാൽ അതിനുള്ള പ്രായശ്ചിത്തം എന്താണെന്ന് സ്വഹാബികൾ നബി -ﷺ- യോട് അന്വേഷിച്ചപ്പോൾ ഹദീഥിൽ വന്ന മനോഹരമായ ചില വാക്കുകൾ നബി -ﷺ- അവർക്ക് പഠിപ്പിച്ചു നൽകി. അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഭരമേൽപ്പിക്കുകയും, അല്ലാഹുവല്ലാത്ത മറ്റൊരാൾക്കും യാതൊരു ശക്തിയുമില്ലെന്നുമുള്ള ആശയമാണ് ആ വാക്കുകൾ ഉൾക്കൊള്ളുന്നത്.