ഒരു ദിവസം നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചു. അവിടുന്ന് വന്നതിന് ശേഷം ഒരാൾ മസ്ജിദിൽ വരികയും രണ്ട് റക്അത്ത് വേഗത്തിൽ നിസ്കരിച്ചു തീർക്കുകയും ചെയ്തു. നിസ്കാരത്തിലെ തൻ്റെ നിർത്തമോ റുകൂഓ സുജൂദോ അദ്ദേഹം അടക്കത്തോടെയായിരുന്നില്ല നിർവ്വഹിച്ചിരുന്നത്. നബി (ﷺ) യാകട്ടെ, അയാളുടെ നിസ്കാരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മസ്ജിദിൻ്റെ ചാരത്ത് ഇരിക്കുകയായിരുന്ന നബി (ﷺ) യുടെ അടുത്ത് അദ്ദേഹം വരികയും, അവിടുത്തോട് സലാം പറയുകയും ചെയ്തു. നബി (ﷺ) സലാം മടക്കിയ ശേഷം അയാളോട് പറഞ്ഞു: മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും മടങ്ങിപ്പോയി നിസ്കാരം -മുൻപ് നിർവ്വഹിച്ചതു പോലെത്തന്നെ- വേഗത്തിൽ നിർവ്വഹിച്ചു തിരിച്ചു വന്നു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറയുകയും ചെയ്തു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: :മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല." ഇത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ ആ വ്യക്തി പറഞ്ഞു: "താങ്കളെ സത്യമാർഗവുമായി നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഇതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. അതിനാൽ എനിക്ക് അങ്ങ് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു: നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക. ശേഷം സൂറത്തുൽ ഫാതിഹഃയും, ഖുർആനിൽ നിന്ന് സാധിക്കുന്നത്രയും പാരായണം ചെയ്യുക. പിന്നീട് റുകൂഅ് ചെയ്യുകയും, അതിൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. നിൻ്റെ കൈപ്പത്തിയുടെ ഉൾഭാഗം കാൽമുട്ടുകളിൽ വെച്ചു കൊണ്ട്, മുതുക് പരത്തി വെച്ചു കൊണ്ട് റുകൂഅ് ശരിയായ രൂപത്തിൽ ചെയ്യണം. അതിന് ശേഷം നീ റുകൂഇൽ നിന്ന് ഉയരുകയും, നിൻ്റെ ഓരോ സന്ധികളും അതിൻ്റെ സ്ഥാനത്തേക്ക് മടങ്ങി വരുന്ന വിധത്തിൽ നീ നേരെ നിൽക്കുകയും ചെയ്യുക. പിന്നീട് സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. നിൻ്റെ നെറ്റിയും മൂക്കും, രണ്ട് കൈപ്പത്തികളും കാൽമുട്ടുകളും കാൽപ്പത്തികളിലെ വിരലുകളും ഭൂമിയിൽ അമർത്തി വെച്ചു കൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്. അതിന് ശേഷം രണ്ട് സുജൂദുകൾക്കിടയിൽ -അടക്കത്തോടെ- ഇരിക്കുന്നതിനായി സുജൂദിൽ നിന്ന് ഉയരുക. ഈ പറഞ്ഞത് നിസ്കാരത്തിൻ്റെ ഓരോ റക്അത്തുകളിലും ആവർത്തിക്കുകയും ചെയ്യുക.