രണ്ട് മഹത്തരമായ ശ്രേഷ്ഠതകൾ ലഭിക്കുന്ന പുണ്യകർമ്മങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിശദീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത്: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നല്ല വിധത്തിൽ പൂർത്തീകരിക്കുകയും, അത് നബി -ﷺ- യുടെ ചര്യയോട് ഏറ്റവും യോജിച്ച വിധത്തിലാക്കുകയും, തൻ്റെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അർഹമായ വിധത്തിൽ വെള്ളം ഉപയോഗിക്കുകയും, ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറന്നു നൽകപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം എന്നതാണ്. രണ്ടാമത്തേത്: ആരെങ്കിലും ഈ രൂപത്തിൽ പൂർണ്ണമായി വുദൂഅ് നിർവ്വഹിക്കുകയും, ശേഷം ഹൃദയസാന്നിദ്ധ്യത്തോടെ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം ഉദ്ദേശിക്കുകയും, ഭയഭക്തി കാത്തുസൂക്ഷിക്കുകയും, തൻ്റെ മുഖവും ശരീരാവയവങ്ങളും അല്ലാഹുവിന് പരിപൂർണ്ണമായി വിധേയപ്പെടുത്തുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കില്ല എന്നതാണത്.