ജുമുഅ നിസ്കാരത്തിന് നേരത്തെ പുറപ്പെടുന്നതിൻ്റെ ശ്രേഷ്ഠതയാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിക്കുന്നത്. സൂര്യൻ ഉദിച്ചതു മുതൽ നേരത്തെ പുറപ്പെടുക എന്നതിനുള്ള ശ്രേഷ്ഠത ആരംഭിക്കും. ഇമാം മിമ്പറിലേക്ക് വരുന്നത് വരെ അത് തുടരുകയും ചെയ്യും. ഈ സമയത്തെ അഞ്ചു ഘട്ടങ്ങളാക്കി തിരിക്കാം: ഒന്നാമത്തെ ഘട്ടം: ആരെങ്കിലും ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുന്നത് പോലെ കുളിക്കുകയും ശേഷം ജുമുഅക്ക് വേണ്ടി മസ്ജിദിലേക്ക് ഒന്നാമത്തെ ഈ ഘട്ടത്തിൽ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം ചെയ്തവനെ പോലെയാണ്. രണ്ടാമത്തെ ഘട്ടത്തിലാണ് ഒരാൾ പുറപ്പെടുന്നത് എങ്കിൽ അവൻ ഒരു പശുവിനെ ദാനം ചെയ്തവനെ പോലെയാണ്. മൂന്നാമത്തെ ഘട്ടത്തിലാണ് അവൻ പുറപ്പെടുന്നത് എങ്കിൽ അവൻ കൊമ്പുകളുള്ള ഒരു ആണാടിനെ ദാനം ചെയ്തത് പോലെയാണ്. നാലാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു കോഴിയെ ദാനം ചെയ്തവനെ പോലെയാണ്. അഞ്ചാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം ഖുത്ബ നിർവ്വഹിക്കാനായി പുറപ്പെട്ടു കഴിഞ്ഞാൽ മസ്ജിദിൻ്റെ വാതിലുകളിൽ ഇരിക്കുന്ന മലക്കുകൾ മസ്ജിദിലേക്ക് പ്രവേശിക്കുന്നവരുടെ പേരുകൾ ക്രമത്തിൽ എഴുതിവെക്കുന്നത് നിർത്തി വെക്കുകയും, ഇമാമിൻ്റെ ഉൽബോധനവും ഖുത്ബയും ശ്രദ്ധിച്ചു കേൾക്കാനായി വന്നിരിക്കുകയും ചെയ്യും.