നബി -ﷺ- നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭമായി ചില പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സന്ദർഭത്തിൽ അവിടുന്ന് ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനകളിലൊന്നാണ് ഈ ഹദീഥിലുള്ളത്. "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി -ﷺ- തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ തന്നിൽ നിന്ന് നീക്കം ചെയ്യാനും നബി -ﷺ- തേടുന്നു. തിന്മ തന്നിൽ നിന്ന് കഴുകിക്കളയാനും, അവയുടെ ചൂടും ഉഷ്ണവും നീക്കി -വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട്- തണുപ്പേകാനും അവിടുന്ന് പ്രാർത്ഥിക്കുന്നു.