നബി -ﷺ- അവിടുത്തെ സ്വഹാബികളിൽ പെട്ട ചിലരോടൊപ്പം ഇരിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ അബൂബക്റും ഉമറും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, നബി -ﷺ- അവിടെ നിന്ന് എഴുന്നേറ്റു പോവുകയും അവരിലേക്ക് തിരിച്ചുവരാൻ വൈകുകയും ചെയ്തു. നബി -ﷺ- യെ ആരെങ്കിലും തടഞ്ഞു വെക്കുകയോ മറ്റെന്തെങ്കിലും അവിടുത്തേക്ക് സംഭവിക്കുകയോ ചെയ്തുവെന്ന ഭയം അതോടെ അവരെ പിടികൂടി. അങ്ങനെ സ്വഹാബികളെല്ലാം ഭയവിഹ്വലരായി പിടഞ്ഞെഴുന്നേറ്റു; അവരുടെ കൂട്ടത്തിൽ ആദ്യം ഭയം ഉടലെടുത്തത് അബൂ ഹുറൈറയുടെ മനസ്സിലായിരുന്നു. അദ്ദേഹം ബനുന്നജ്ജാറുകാരുടെ ഒരു തോട്ടത്തിൽ ചെന്നെത്തി. എന്തെങ്കിലുമൊരു പ്രവേശനവഴി ഉണ്ടാകുമോ എന്നറിയാൻ അദ്ദേഹം ആ തോട്ടത്തിൻ്റെ ചുറ്റും കറങ്ങിനോക്കി. എന്നാൽ വെള്ളം പ്രവേശിക്കാനുള്ള ഒരു ചെറിയ വിടവ് മതിലിൽ കണ്ടതല്ലാതെ മറ്റൊന്നും അദ്ദേഹം കണ്ടില്ല. തൻ്റെ ശരീരം കൂട്ടിപ്പിടിച്ചു കൊണ്ട് അതിലൂടെ ആ തോട്ടത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു; നബി (ﷺ) അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! നീയായിരുന്നോ?!" അദ്ദേഹം പറഞ്ഞു: "അതെ." നബി (ﷺ) ചോദിച്ചു: "എന്താണ് കാര്യം?" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "നബിയേ! അങ്ങ് ഞങ്ങൾക്കിടയിൽ ഇരിക്കുന്ന വേളയിൽ എഴുന്നേറ്റു പോവുകയും, പിന്നീട് മടങ്ങിവരാൻ വൈകുകയും ചെയ്തപ്പോൾ അങ്ങേക്ക് എന്തോ പ്രയാസമുണ്ടായി എന്ന് ഞങ്ങൾ ഭയപ്പെട്ടു. ഞാനാണ് ആദ്യം പേടിച്ചത്; അങ്ങനെ ഈ തോട്ടത്തിലെത്തി, ഒരു കുറുക്കനെ പോലെ ഞൂണ്ടുകടന്നാണ് ഞാൻ ഈ തോട്ടത്തിൽ പ്രവേശിച്ചത്. എൻ്റെ പിറകിൽ ജനങ്ങൾ (വിവരമറിയാനായി) കാത്തുനിൽക്കുന്നുണ്ട്." അപ്പോൾ നബി (ﷺ) അദ്ദേഹത്തിൻ്റെ കയ്യിൽ തൻ്റെ രണ്ട് ചെരുപ്പുകൾ നൽകി; അബൂഹുറൈറ (رضي الله عنه) പറയുന്നത് സത്യമാണെന്ന് മറ്റുള്ളവർക്ക് ബോധ്യമാകാനുള്ള അടയാളമായിരുന്നു അത്. അവിടുന്ന് പറഞ്ഞു: "എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി അവരുടെ അടുത്ത് ചെല്ലുക; ഈ തോട്ടത്തിനപ്പുറം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന കാര്യം ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്നവരായി ആരെക്കണ്ടാലും അവർ സ്വർഗക്കാരിൽ ഉൾപ്പെടുന്നതാണ് എന്ന് അവരെ അറിയിച്ചു കൊള്ളുക." അബൂഹുറൈറ (رضي الله عنه) ആദ്യം കണ്ടത് ഉമർ ബ്നുൽ ഖത്താബി നെയായിരുന്നു. അദ്ദേഹം അബൂഹുറൈറയോട് ചോദിച്ചു: "എന്താണ് -അബൂഹുറൈറ- ഈ രണ്ട് ചെരുപ്പുകൾ?" അപ്പോൾ അബൂ ഹുറൈറ (رضي الله عنه) പറഞ്ഞു: "നബി (ﷺ) എൻ്റെ കയ്യിൽ തന്നേൽപ്പിച്ച അവിടുത്തെ ചെരുപ്പുകളാണിവ; ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്കെല്ലാം സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയിക്കാനായി അവിടുന്ന് എന്നെ ഏൽപ്പിച്ചതാണിവ." അപ്പോൾ ഉമർ (رضي الله عنه) തൻ്റെ കൈ കൊണ്ട് അബൂഹുറൈറയുടെ (رضي الله عنه) നെഞ്ചിൽ അടിക്കുകയും, അബൂഹുറൈറ (رضي الله عنه) തൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. അബൂഹുറൈറയോട് നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങിച്ചെല്ലാൻ ഉമർ(رضي الله عنه) കൽപ്പിച്ചു. ഭയന്നു വിറച്ച നിലയിൽ, വിവർണ്ണമായ മുഖവുമായി, കരച്ചിലിൻ്റെ വക്കോളമെത്തിയ അവസ്ഥയിൽ അദ്ദേഹം നബിയുടെ (ﷺ) അടുത്തേക്ക് മടങ്ങി; ഉമർ (رضي الله عنه) അദ്ദേഹത്തിൻ്റെ പിറകിൽ തന്നെ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. നബി (ﷺ) ചോദിച്ചു: "അബൂഹുറൈറ! എന്തു പറ്റി?!" അബൂഹുറൈറ (رضي الله عنه) പറഞ്ഞു: "ഞാൻ ഉമറിനെ കണ്ടു; അദ്ദേഹത്തോട് അങ്ങ് എന്നെ നിയോഗിച്ച കാര്യം അറിയിച്ചപ്പോൾ അദ്ദേഹം എന്നെ അടിക്കുകയും, ഞാൻ എൻ്റെ പിറകുവശം കുത്തി താഴെ വീഴുകയും ചെയ്തു. എന്നോട് മടങ്ങിച്ചെല്ലാനാണ് അദ്ദേഹം പറഞ്ഞത്." നബി (ﷺ) ചോദിച്ചു: "ഉമർ! എന്ത് കാരണത്താലാണ് താങ്കൾ അങ്ങനെ ചെയ്തത്?!" ഉമർ (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ മാതാപിതാക്കൾ അങ്ങേക്ക് ബലിയായിരിക്കട്ടെ! താങ്കളുടെ രണ്ട് ചെരുപ്പുകൾ ഏൽപ്പിച്ചു കൊണ്ട്, ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിച്ചവർക്ക് സ്വർഗമുണ്ട് എന്ന് സന്തോഷവാർത്ത അറിയാൻ അബൂഹുറൈറയെ താങ്കൾ നിയോഗിച്ചുവോ?!" നബി (ﷺ) പറഞ്ഞു: "അതെ." ഉമർ (رضي الله عنه) പറഞ്ഞു: "അങ്ങ് അപ്രകാരം ചെയ്യരുത്. ജനങ്ങൾ ശഹാദത്ത് കലിമ നാവ് കൊണ്ട് പറയുന്നതിൽ മാത്രം ഒതുങ്ങിക്കൂടുകയും, പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഞാൻ ഭയക്കുന്നു. അതിനാൽ അവർ പ്രവർത്തനങ്ങൾ ചെയ്യുന്ന അവസ്ഥയിൽ അവരെ വിട്ടേക്കുക." അപ്പോൾ നബി (ﷺ) പറഞ്ഞു: "എങ്കിൽ അവരെ വിട്ടേക്കുക."