നബി -ﷺ- യോട് ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- അവർ അബ്സീനിയയിൽ കണ്ട കാഴ്ച്ചകളെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശാ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. മാരിയഃ എന്ന് പേരുള്ള ഒരു ക്രൈസ്തവ ആരാധനാലയം അവർ അവിടെ കാണുകയുണ്ടായി; അതിൽ ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- യെ അത്ഭുതപ്പെടുത്തിയ പലതരം ചിത്രങ്ങളും അലങ്കാരപ്പണികളും രൂപനിർമ്മിതികളുമുണ്ടായിരുന്നു. അപ്പോൾ ഈ ചിത്രങ്ങളുടെയും രൂപങ്ങളുടെയും നിർമ്മിതിക്ക് പിന്നിലുള്ള കാരണം നബി -ﷺ- അവർക്ക് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നീ ഈ പറഞ്ഞ വിഭാഗം ജനങ്ങൾ അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം പണിയുകയും, അവിടെ നമസ്കാരം നിർവ്വഹിക്കുകയും, ഇത്തരം ചിത്രപ്പണികൾ അവിടെ ഉണ്ടാക്കിവെക്കുകയും ചെയ്യുമായിരുന്നു. ഈ പ്രവർത്തി ചെയ്യുന്നവർ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാരായ വിഭാഗമാണ് എന്ന് കൂടി നബി -ﷺ- കൂട്ടിച്ചേർത്തു. കാരണം അത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കും.