ഖുദ്സിയായ ഹദീഥിൽ അല്ലാഹു ഇപ്രകാരം പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "നിസ്കാരത്തിലെ സൂറത്തുൽ ഫാതിഹഃയുടെ പാരായണത്തെ എനിക്കും എൻ്റെ അടിമക്കും ഇടയിൽ ഞാൻ രണ്ടായി വീതിച്ചിരിക്കുന്നു. അതിൻ്റെ ഒരു പകുതി എനിക്കും, മറുപകുതി എൻ്റെ അടിമക്കുമാണ്." സൂറത്തുൽ ഫാതിഹഃയുടെ ആദ്യഭാഗം: അല്ലാഹുവിനെ സ്തുതിക്കലും, പ്രകീർത്തിക്കലും, അവൻ്റെ പ്രതാപം വാഴ്ത്തലുമാണ്. ഈ സ്തുതിക്ക് അല്ലാഹു ഏറ്റവും നല്ല പ്രതിഫലം നൽകുന്നതാണ്. സൂറത്തുൽ ഫാതിഹഃയുടെ രണ്ടാം പകുതി: താഴ്മയും വിനയവും കാണിക്കലും അല്ലാഹുവിനോട് പ്രാർത്ഥിക്കലുമാണ്. അതിന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ അടിമ ചോദിക്കുന്നത് അവന് നൽകുകയും ചെയ്യുന്നതാണ്. ഒരാൾ നിസ്കാരത്തിൽ 'അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. 'റഹ്മാനും റഹീമുമായവൻ.' എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാൽ അവൻ പറഞ്ഞു: "എൻ്റെ അടിമ എന്നെ ആവർത്തിച്ച് പുകഴ്ത്തുകയും എന്നെ നല്ലതു പറയുകയും എൻ്റെ സൃഷ്ടികൾക്കെല്ലാം ഞാൻ വ്യാപകമായി ചെയ്ത അനുഗ്രഹങ്ങളെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു." 'പ്രതിഫലനാളിൻ്റെ ഉടമസ്ഥൻ' എന്ന് (അർത്ഥമുള്ള ആയത്ത്) അവൻ പറഞ്ഞാൽ അല്ലാഹു പറയും: എൻ്റെ അടിമ എൻ്റെ വിശാലമായ പ്രതാപത്തെ എടുത്തു പറഞ്ഞിരിക്കുന്നു. അവന്‍ "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു." എന്ന് (അർത്ഥമുള്ള ആയത്ത്) പറഞ്ഞാല്‍ അല്ലാഹു പറയും: “ഇത് എനിക്കും എന്റെ അടിമക്കും ഇടയിലുള്ള കരാറാണ്." ഈ ആയത്തിൽ (إياك نعبد) 'നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു' എന്ന വാക്ക് സൂറത്തുൽ ഫാതിഹഃയിലെ ഒന്നാം ഭാഗത്തിലേക്കാണ് ചേരുക. അല്ലാഹുവിനാണ് ആരാധനകൾക്ക് അർഹതയുള്ളത് എന്ന കാര്യമാണ് അതിലൂടെ അംഗീകരിക്കുന്നത്. അല്ലാഹുവിനെ ആരാധിക്കണമെന്ന അവൻ്റെ കൽപ്പനക്ക് ഉത്തരം നൽകുന്ന ഈ വാചകത്തിലൂടെ അല്ലാഹുവിനെ കുറിച്ച് വിവരിക്കുന്ന സൂറത്തുൽ ഫാതിഹയിലെ ഒന്നാംഭാഗം അവസാനിക്കുന്നു. രണ്ടാമത്തെ പകുതി ആരംഭിക്കുന്നത് (إياك نستعين) 'നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു' എന്ന വാചകത്തോടെയാണ്. അല്ലാഹുവിൽ നിന്നുള്ള സഹായവും, അവൻ്റെ സഹായവാഗ്ദാനവുമാണ് ഇതിലൂടെ അടിമ ചോദിക്കുന്നത്. ശേഷം {اهدنا الصراط المستقيم * صراط الذين أنعمت عليهم غير المغضوب عليهم ولا الضالين} "ഞങ്ങളെ നീ നേരായ മാർഗത്തിലേക്ക് നയിക്കേണമേ! നീ അനുഗ്രഹം ചെയ്തവരുടെ മാർഗത്തിൽ. കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല. വഴികേടിലായവരുടെ മാർഗത്തിലുമല്ല." എന്ന് പറഞ്ഞാൽ അല്ലാഹു പറയും: "എൻ്റെ അടിമയുടെ താഴ്മയും പ്രാർത്ഥനയുമാണിത്. എൻ്റെ അടിമക്ക് അവൻ ചോദിക്കുന്നതുണ്ട്. ഞാനിതാ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നു."