അനസു ബ്നു മാലിക് (رضي الله عنه) നിവേദനം: സ്വഹാബികളെ കുറിച്ച് ഒരു കാര്യം നബിയുടെ (ﷺ) അറിവിലെത്തി. അപ്പോൾ അവിടുന്ന് ഒരു പ്രഭാഷണം നിർവ്വഹിച്ചു; ഇപ്രകാരം പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: "നബിയുടെ (ﷺ) സ്വഹാബികൾക്ക് ആ ദിവസത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം പിന്നീടുണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സ് മൂടിക്കൊണ്ട് അവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും, മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ റസൂലായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ അയാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: "എൻ്റെ പിതാവ് ആരാണ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിച്ചവരേ, നിങ്ങൾ ചില കാര്യങ്ങളെ കുറിച്ച് ചോദിക്കരുത്; അവ നിങ്ങൾക്ക് വ്യക്തമാക്കപ്പെട്ടാൽ നിങ്ങൾക്കത് പ്രയാസകരമായിരിക്കും." (മാഇദഃ: 101) صحيح - متفق عليه
explain-icon

വിശദീകരണം

നബിയുടെ (ﷺ) സ്വഹാബിമാരെ കുറിച്ച് ഒരു കാര്യം അവിടുത്തെ ചെവിയിലെത്തി; നബിയോട് (ﷺ) അവർ ചോദ്യങ്ങൾ അധികരിപ്പിച്ചു എന്നതായിരുന്നു അത്. നബി (ﷺ) ഇക്കാര്യത്തിൽ ശക്തമായി കോപിക്കുകയും, ഒരു പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; ഇന്ന് സ്വർഗത്തിൽ ഞാൻ വീക്ഷിച്ചതിനേക്കാൾ നന്മകൾ ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇന്ന് നരകത്തിൽ ഞാൻ കണ്ടതിനേക്കാൾ തിന്മകളും പ്രയാസങ്ങളും ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഞാൻ കണ്ടത് നിങ്ങൾ കാണുകയും, ഞാൻ അറിഞ്ഞത് പോലെ നിങ്ങൾ അറിയുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അത് കടുത്ത പ്രയാസം സൃഷ്ടിക്കുമായിരുന്നു. നിങ്ങളുടെ ചിരി കുറയുകയും, നിങ്ങളുടെ കരച്ചിൽ അധികരിക്കുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: നബിയുടെ (ﷺ) സ്വഹാബിമാർക്ക് അന്നത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സുകൾ വസ്ത്രങ്ങൾ കൊണ്ട് മൂടിക്കൊണ്ട്, അവർ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും,മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റു കൊണ്ട് നബിയോട് (ﷺ) ചോദിച്ചു: "ആരാണ് എൻ്റെ പിതാവ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അന്ത്യനാളിലും) വിശ്വസിച്ചവരേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും." [മാഇദ: 101]

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • അല്ലാഹുവിൻ്റെ ശിക്ഷയെ ഭയന്നു കൊണ്ട് കരയുക എന്നത് പുണ്യകരമാണ്. ചിരി അധികരിപ്പിക്കാതിരിക്കുക എന്നതും അങ്ങനെ തന്നെ. ഹൃദയകാഠിന്യത്തിൻ്റെയും (അല്ലാഹുവിനെ കുറിച്ചുള്ള) അശ്രദ്ധയുടെയും അടയാളമാണ് അധികമായി ചിരിക്കുക എന്നത്.
  • നബിയുടെ (ﷺ) ഉപദേശം സ്വഹാബികളിൽ സൃഷ്ടിച്ച സ്വാധീനവും, അല്ലാഹുവിൻ്റെ ശിക്ഷയോട് അവർക്കുണ്ടായിരുന്ന ശക്തമായ ഭയവും.
  • കരയുമ്പോൾ മുഖം മറച്ചു പിടിക്കുക എന്നത് നല്ല കാര്യമാണ്.
  • ഖത്താബി (رحمه الله) പറയുന്നു: "അനാവശ്യമോ കൃത്രിമമോ ആയി, ആവശ്യമില്ലാത്ത വിഷയങ്ങൾ ചോദിച്ചറിയുന്നവരെയാണ് ഈ ഹദീഥിൽ ആക്ഷേപിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് സംഭവിച്ച ഒരു വിഷയത്തിൽ മതവിധി അറിയേണ്ടത് അനിവാര്യമായതിനാൽ അതിനെ കുറിച്ച് ഒരാൾ ചോദിച്ചറിയുന്നത് തെറ്റോ തിന്മയോ ആക്ഷേപാർഹമായ കാര്യമോ അല്ല."
  • അല്ലാഹുവിനെ അനുസരിക്കുകയും, തിന്മകളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലയുറപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനവും പ്രേരണയും.
  • ഗുണദോഷിക്കുമ്പോഴും വഅ്ദ് പറയുമ്പോഴും പഠിപ്പിക്കുമ്പോഴും ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായാൽ ദേഷ്യം പ്രകടിപ്പിക്കുന്നത് അനുവദനീയമാണ്.
explain-icon

കൂടുതൽ