അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും നീതിമാന്മാർ അല്ലാഹുവിങ്കൽ; പരമകാരുണികൻ്റെ വലതു വശത്തായി പ്രകാശപീഠങ്ങൾക്ക് മുകളിലായിരിക്കും. അവൻ്റെ രണ്ട് കരങ്ങളും വലതാകുന്നു. തങ്ങളുടെ വിധികൽപ്പനകളിലും കുടുംബങ്ങളിലും ഏറ്റെടുത്ത കാര്യങ്ങളിലും നീതി പുലർത്തുന്നവരത്രെ (ആ നീതിമാന്മാർ)." صحيح - رواه مسلم
explain-icon

വിശദീകരണം

ജനങ്ങൾക്കിടയിൽ -തങ്ങളുടെ അധികാര മേഖലയിലും വിധികൽപ്പനകളിലും കുടുംബങ്ങളിലും- നീതിപൂർവകവും സത്യപൂർണ്ണവുമായി വിധിക്കുന്നവർ അല്ലാഹുവിങ്കൽ ഉന്നതമായ പീഠങ്ങളിലായിരിക്കും ഇരിക്കുക എന്ന് നബി ﷺ അറിയിക്കുന്നു. ഈ ഇരിപ്പിടങ്ങൾ പ്രകാശം കൊണ്ട് നിർമ്മിതമായിരിക്കും. നീതിമാന്മാർക്ക് അല്ലാഹു പരലോകത്ത് നൽകുന്ന ആദരവാണത്. പ്രകാശം കൊണ്ടുള്ള ഈ പീഠങ്ങൾ അല്ലാഹുവിൻ്റെ വലതു വശത്തായിരിക്കും ഉണ്ടാവുക; അവൻ്റെ ഇരുകരങ്ങളും വലതു ഭാഗത്താകുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • നീതി പുലർത്തുന്നതിൻ്റെ ശ്രേഷ്ഠതയും അതിനുള്ള പ്രേരണയും പ്രോത്സാഹനവും.
  • നീതിയെന്നത് എല്ലാ അധികാരമേഖലകളിലും നിലനിർത്തേണ്ടതുണ്ട്. ഭാര്യമാർക്കും മക്കൾക്കും മറ്റാർക്കിടയിലും വിധിക്കുമ്പോൾ നീതി പുലർത്തേണ്ടതുണ്ട്.
  • നീതിമാന്മാർക്ക് അന്ത്യനാളിൽ നൽകപ്പെടുന്ന ഉന്നതമായ പദവി.
  • അല്ലാഹുവിൽ വിശ്വസിച്ചവരുടെ പദവികൾ അന്ത്യനാളിൽ വ്യത്യസ്തമായിരിക്കും; ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്ക് യോജിച്ച പദവിയാണ് നൽകപ്പെടുക.
  • നന്മകൾ ചെയ്യാൻ ആഗ്രഹവും താൽപ്പര്യവും ജനിപ്പിക്കുന്ന, പ്രതീക്ഷ സൃഷ്ടിക്കുന്ന പ്രയോഗങ്ങൾ പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ്.