അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങൾ ഏതൊരു ദിവസം പ്രഭാതത്തിലേക്ക് പ്രവേശിക്കുമ്പോഴും രണ്ട് മലക്കുകൾ ഇറങ്ങി വരികയും അവരിൽ ഒരാൾ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യും: അല്ലാഹുവേ! ചെലവഴിക്കുന്നവന് നീ പകരം നൽകേണമേ! രണ്ടാമത്തെയാൾ പ്രാർത്ഥിക്കും: അല്ലാഹുവേ! പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകേണമേ!" صحيح - متفق عليه
explain-icon

വിശദീകരണം

സൂര്യൻ ഉദിച്ചുയരുന്ന എല്ലാ ദിവസവും രണ്ട് മലക്കുകൾ ആകാശത്ത് നിന്ന് ഇറങ്ങി വരികയും, ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. മലക്കുകളിൽ ഒരാൾ പറയും: അല്ലാഹുവേ! നന്മകൾക്കും തൻ്റെ കീഴിലുള്ള കുടുംബത്തിനും അതിഥികൾക്കും, ദാനധർമ്മങ്ങൾക്കും വേണ്ടി തൻ്റെ സമ്പത്ത് ചെലവഴിക്കുന്നവന് പകരം നൽകുകയും, അവൻ നൽകിയതിനേക്കാൾ ഉത്തമമായത് അവന് നൽകുകയും, അതിൽ അവന് ബറകത്ത് ചൊരിയുകയും ചെയ്യേണമേ! രണ്ടാമത്തെയാൾ പറയും: അല്ലാഹുവേ! ഈ നന്മകളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്നവന് നീ നഷ്ടം നൽകുകയും, അർഹതപ്പെട്ടവരിൽ നിന്ന് അവൻ തടഞ്ഞു വെച്ചിട്ടുള്ള അവൻ്റെ സമ്പത്ത് നീ നശിപ്പിക്കുകയും ചെയ്യേണമേ!

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • ഉദാരത പുലർത്തുന്നവർക്ക് അവൻ ദാനം നൽകിയതിന് പകരമായി അല്ലാഹു നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നത് അനുവദനീയമാണ്. ഇതു പോലെ, തൻ്റെ സമ്പത്ത് അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങളിൽ ചെലവഴിക്കാതെ പിടിച്ചു വെക്കുന്ന പിശുക്കർക്ക് എതിരെ നഷ്ടം വരുത്താനായി പ്രാർത്ഥിക്കുന്നതും അനുവദനീയമാണ്.
  • ദാനം നൽകുന്നവർക്ക് നന്മയും ബറകതും (അനുഗ്രഹം) ലഭിക്കുന്നതിനായി മലക്കുകൾ പ്രാർത്ഥിക്കുന്നതാണ്. അവരുടെ പ്രാർത്ഥന അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാണ്.
  • നിർബന്ധമായ ദാനങ്ങളും ഐഛികമായ ദാനങ്ങളും നൽകാനുള്ള പ്രോത്സാഹനം; തൻ്റെ കീഴിലുള്ളവർക്കും, കുടുംബബന്ധത്തിൽ പെട്ടവർക്കും, മറ്റു നന്മയുടെ വഴികളിലും ചെലവഴിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
  • നന്മകളുടെ മാർഗങ്ങളിൽ ചെലവഴിക്കുന്നവർക്കുള്ള ശ്രേഷ്ഠതയും, അല്ലാഹുവിൽ നിന്നുള്ള ഔദാര്യമായിരിക്കും അവന് ലഭിക്കുന്നത് എന്നുമുള്ള ഓർമ്മപ്പെടുത്തൽ. അല്ലാഹു പറഞ്ഞതു പോലെ: "നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അല്ലാഹു അതിന് പകരം നൽകുന്നതാണ്. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും നല്ലവനത്രെ." (സബഅ്: 39)
  • നിർബന്ധ ദാനങ്ങൾ തടഞ്ഞു വെക്കുന്നവർക്കെതിരെയാണ് മലക്കുകളുടെ പ്രാർത്ഥന; ഐഛിക ദാനങ്ങൾ നൽകാതിരിക്കുന്നവർക്ക് അത് ബാധകമല്ല. കാരണം അവർ തിന്മ പ്രവർത്തിച്ചിട്ടില്ല എന്നതിനാൽ ഇപ്രകാരം എതിരെ പ്രാർത്ഥിക്കപ്പെടാൻ അർഹതയുള്ളവരല്ല.
  • പിശുക്കും ഇഹലോകത്തോടുള്ള ആർത്തിയും ഹറാമാണ്.
explain-icon

കൂടുതൽ