നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ ആദ്യം തൻ്റെ രണ്ട് കൈപ്പത്തികളും കഴുകുമായിരുന്നു. ശേഷം നിസ്കാരത്തിന് വേണ്ടി വുദൂഅ് ചെയ്യുന്നത് പോലെ വുദൂഅ് എടുക്കും. അതിന് ശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുകയും, പിന്നീട് തൻ്റെ കൈകൾ കൊണ്ട് തലമുടിയിലൂടെ വിരലുകൾ ഓടിക്കുകയും ചെയ്യുമായിരുന്നു. മുടിയുടെ ഉള്ളിലേക്ക് വെള്ളം എത്തുകയും, തൊലി മുഴുവനായി നനവെത്തുകയും ചെയ്തു എന്ന് ബോധ്യമായാൽ നബി -ﷺ- തൻ്റെ തലയുടെ മുകളിലൂടെ മൂന്ന് തവണ വെള്ളമൊഴിക്കുകയും, ശേഷം ശരീരത്തിലെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കഴുകുകയും ചെയ്യുമായിരുന്നു. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: "ഞാനും അല്ലാഹുവിൻ്റെ റസൂൽ -ﷺ- യും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും, അതിൽ നിന്ന് ഒരുമിച്ച് വെള്ളം കോരിയെടുക്കുകയും ചെയ്യുമായിരുന്നു."