നബി -ﷺ- ജനാബത്തിൽ (വലിയ അശുദ്ധിയിൽ) നിന്ന് കുളിക്കാറുണ്ടായിരുന്ന രൂപമാണ് വിശ്വാസികളുടെ ഉമ്മയായ മൈമൂന - رضي الله عنها- ഈ ഹദീഥിൽ വിവരിക്കുന്നത്. അവർ നബിക്ക്-ﷺ കുളിക്കാൻ വേണ്ടി വെള്ളം ഒരുക്കി കൊടുക്കുകയും, ഒരു മറ വിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം നബി -ﷺ- ജനാബത്തിൽ നിന്ന് കുളിച്ചത് ഇനി പറയുന്ന വിധത്തിലാണ്: 1- തൻ്റെ രണ്ട് കൈകളിലേക്കും വെള്ളം ചൊരിയുകയും, അവ രണ്ടും പാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് കഴുകുകയും ചെയ്തു. 2- വലതു കൈ കൊണ്ട് ഇടതു കൈയ്യിലേക്ക് വെള്ളം ചൊരിയുകയും ഇടതു കൈ കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ജനാബത്തിൻ്റെ ഭാഗമായി അവിടെ പറ്റിപ്പിടിക്കുന്നത് നീക്കുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തത്. 3- കൈകളിലെ വൃത്തികേടുകൾ കളയാൻ അവ കൊണ്ട് ഭൂമിയിൽ അടിക്കുകയും, തടവുകയും, ശേഷം കഴുകുകയും ചെയ്തു. 4- വായിൽ വെള്ളം കയറ്റി കൊപ്ലിച്ചു; അതായത് വെള്ളം വായിലേക്ക് പ്രവേശിപ്പിക്കുകയും, അത് വായിൽ വെച്ച് കൊണ്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. അതോടൊപ്പം അവിടുന്ന് മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. 5- തൻ്റെ മുഖം കഴുകുകയും, രണ്ട് മുഴംകൈകളും കഴുകുകയും ചെയ്തു. 6- തൻ്റെ തലയിലൂടെ വെള്ളം ഒഴിച്ചു. 7- ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വെള്ളമൊഴിച്ചു. 8- താൻ നിന്നിരുന്ന സ്ഥലത്ത് നിന്ന് നീങ്ങിനിൽക്കുകയും, തൻ്റെ രണ്ട് കാലുകൾ മറ്റൊരു സ്ഥാനത്ത് നിന്നു കൊണ്ട് കഴുകുകയും ചെയ്തു. ഇതിന് മുൻപ് നബി -ﷺ- കാലുകൾ കഴുകിയിട്ടില്ലായിരുന്നു എന്നത് ഓർക്കുക. ഇത്രയും ചെയ്തു കഴിഞ്ഞതിന് ശേഷം മയ്മൂനഃ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- ക്ക് ശരീരം തുടക്കുന്നതിന് വേണ്ടി ഒരു മുണ്ട് എടുത്തു കൊടുത്തു. എന്നാൽ നബി -ﷺ- അത് സ്വീകരിച്ചില്ല. മറിച്ച് തൻ്റെ ശരീരത്തിൽ നിന്ന് കൈകൾ കൊണ്ട് വെള്ളം തടവിക്കളയുകയും, കൈകൾ കുടഞ്ഞു കൊണ്ട് വെള്ളം നീക്കുകയും മാത്രമാണ് അവിടുന്ന് ചെയ്തത്.