അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- തൻ്റെ ഗോത്രമായ അശ്അരീ ഗോത്രത്തിൽ പെട്ട ചിലരുമായി നബി -ﷺ- യുടെ അടുക്കൽ ചെന്ന സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. യുദ്ധത്തിൽ പങ്കെടുക്കാൻ സാധിക്കും വിധത്തിൽ തങ്ങളെ വഹിക്കുന്ന ഒട്ടകങ്ങളെ നൽകണം എന്ന ആവശ്യമായിരുന്നു അവർക്ക് സമർപ്പിക്കാനുണ്ടായിരുന്നത്. എന്നാൽ തൻ്റെ പക്കൽ അവരെ വഹിക്കാൻ കഴിയുന്ന യാതൊന്നും ഇല്ലെന്നും, അതിനാൽ അവരെ ഒപ്പം കൂട്ടുന്നതല്ലെന്നും അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് അവിടുന്ന് പറയുകയുണ്ടായി. അങ്ങനെ അവർ മടങ്ങുകയും കുറച്ചു സമയം കടന്നു പോവുകയും ചെയ്തപ്പോൾ നബി -ﷺ- യുടെ അടുക്കൽ മൂന്ന് ഒട്ടകങ്ങൾ കൊണ്ടുവരപ്പെടുകയും, അവിടുന്ന് ആ ഒട്ടകങ്ങളെ അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ അവർ പരസ്പരം പറഞ്ഞു: "ഈ ഒട്ടകങ്ങളിൽ അല്ലാഹു നമുക്ക് അനുഗ്രഹം ചൊരിയുന്നതല്ല. കാരണം നബി -ﷺ- നമ്മെ വഹിക്കുകയില്ല എന്ന് ശപഥം ചെയ്തു കഴിഞ്ഞതാണ്." അങ്ങനെ അവർ നബി -ﷺ- യുടെ അടുക്കൽ ചെല്ലുകയും ഇക്കാര്യം ചോദിച്ചറിയുകയും ചെയ്തു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങളെ വഹിച്ചത് അല്ലാഹുവാകുന്നു. കാരണം അല്ലാഹുവാണ് ഈ ഒട്ടകങ്ങളെ ലഭിക്കാൻ സൗകര്യം ചെയ്തതും, അവനാണ് ഇത് നൽകിയതും. ഞാൻ കേവലമൊരു കാരണം മാത്രമാണ്; എന്നിലൂടെ അത് നടപ്പിലായി എന്ന് മാത്രമേയുള്ളൂ. ശേഷം നബി -ﷺ- പറഞ്ഞു: എന്തെങ്കിലുമൊരു കാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ അല്ലാഹുവിൻ്റെ പേരിൽ ഞാൻ ശപഥം ചെയ്തു പറയുകയും, ശേഷം അതിനേക്കാൾ നല്ലതും ശ്രേഷ്ഠവുമായ കാര്യം മറ്റൊന്നാണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്താൽ -ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)- ഞാൻ കൂടുതൽ ശ്രേഷ്ഠമായ കാര്യം പ്രവർത്തിക്കുകയും, എൻ്റെ ശപഥം ലംഘിച്ചതിനുള്ള പ്രായശ്ചിത്തം നൽകുകയുമാണ് ചെയ്യുക."