അമീറുൽ മുഅ്മിനീൻ അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ (رضي الله عنه) അടുക്കൽ ഒരാൾ വന്നു; ഒരു വ്യക്തിയുടെ കീഴിൽ അടിമയായിരുന്ന അദ്ദേഹം നിശ്ചിത തുക നൽകിക്കൊണ്ട് തൻ്റെ സ്വാതന്ത്ര്യം വാങ്ങാൻ കരാറെഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പക്കലാകട്ടെ, ഈ പറഞ്ഞ തുക ഉണ്ടായിരുന്നുമില്ല. അദ്ദേഹം അലി (رضي الله عنه) വിനോട് പറഞ്ഞു: എൻ്റെ മേലുള്ള സാമ്പത്തികബാധ്യത കൊടുത്തു വീട്ടുന്നത് എനിക്ക് അസാധ്യമായിരിക്കുന്നു. അതിനാൽ ഈ കടം കൊടുത്തു വീട്ടാനുള്ള പണം തന്നു കൊണ്ടോ എന്തെങ്കിലുമൊരു മാർഗം കാണിച്ചു തന്നു കൊണ്ടോ എന്നെ സഹായിച്ചാലും. അലി (رضي الله عنه) അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരാം; നിൻ്റെ മേൽ ത്വീഅ് ഗോത്രക്കാരുടെ നാട്ടിലുള്ള സ്വീർ പർവതത്തോളം കടബാധ്യതയുണ്ടെങ്കിലും അല്ലാഹു നിനക്ക് വേണ്ടി നിൻ്റെ കടം വീട്ടിത്തരുകയും, നിന്നെ ബാധിച്ച ഈ പ്രയാസത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യും. (അദ്ദേഹം പഠിപ്പിച്ച പ്രാർത്ഥനയുടെ ആശയസാരം ഇപ്രകാരമാണ്) : അല്ലാഹുവേ; നിൻ്റെ ഹലാലായ സമ്പാദ്യത്തിൽ നിന്ന് എനിക്ക് മതിയാകുന്നത് നൽകിക്കൊണ്ട്, നീ നിഷിദ്ധമാക്കിയ സമ്പാദ്യത്തിൽ നിന്ന് എന്നെ അകറ്റുകയും തിരിച്ചു കളയുകയും ചെയ്യേണമേ! നിൻ്റെ ഔദാര്യവും ഉദാരതയും കൊണ്ട് നീയല്ലാത്ത സൃഷ്ടികളിലേക്ക് തേടിച്ചെല്ലുന്നതിൽ നിന്ന് നീ എനിക്ക് ധന്യത നൽകുകയും ചെയ്യേണമേ!