അബാൻ ബ്നു ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നതായി ഞാൻ കേട്ടു: നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു." صحيح - رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمد
explain-icon

വിശദീകരണം

എല്ലാ ദിവസവും പ്രഭാതത്തിലും, എല്ലാ രാത്രിയിലും പ്രദോഷത്തിലും (സൂര്യൻ അസ്തമിക്കുന്നതിന് മുൻപ്) നബി -ﷺ- ചൊല്ലാൻ നബി -ﷺ- ഈ ഹദീഥിൽ ഒരു ദിക്ർ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രസ്തുത ദിക്റിൻ്റെ ആശയം ഇപ്രകാരമാണ്: "അല്ലാഹുവിൻ്റെ നാമത്തിൽ അവനോട് ഞാൻ സഹായം തേടുകയും, എല്ലാ ഉപദ്രവകരമായ കാര്യത്തിൽ നിന്നും അഭയം തേടുകയും ചെയ്യുന്നു. അവൻ്റെ നാമം ഉച്ചരിച്ചെങ്കിൽ ശേഷം ഒരു വസ്തുവും -അതെത്ര വലുതോ ഗുരുതരമോ ആകട്ടെ, ഭൂമിയിലോ അതിൽ നിന്ന് പുറപ്പെടുന്നതോ ആകാശത്തിലുള്ളതോ അവിടെ നിന്ന് പതിക്കുന്നതോ ആകട്ടെ-; അവയൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ നമ്മുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും, നമ്മുടെ എല്ലാ അവസ്ഥകളും അറിയുന്നവനുമാകുന്നു. ഈ ദിക്ർ ആരെങ്കിലും വൈകുന്നേരം പറയുന്നുവെങ്കിൽ പ്രഭാതമാകുന്നത് വരെ പെട്ടെന്ന് ഭവിക്കുന്ന ഒരു വിപത്തും അവനെ ബാധിക്കുകയില്ല. ആരെങ്കിലും ഈ ദിക്ർ രാവിലെ പറയുകയാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ ഒരു ഉപദ്രവവും പൊടുന്നനെ അവനെ ബാധിക്കുന്നതല്ല. ഈ ഹദീഥ് ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്ത വ്യക്തിയാണ് അബാൻ ബ്നു ഉഥ്മാൻ. അദ്ദേഹത്തിന് ശരീരത്തിൻ്റെ ഒരു ഭാഗത്ത് വാതം ബാധിക്കുകയുണ്ടായി. അബാൻ -رَحِمَهُ اللَّهُ- ഈ ഹദീഥ് പറയുന്നത് കേട്ടവരിൽ ഒരാൾ അദ്ദേഹത്തിൻ്റെ നേരെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- അയാളോട് പറഞ്ഞു: നീ എന്തിനാണ് എന്നെ നോക്കുന്നത്? അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ മേൽ കളവ് കെട്ടിച്ചമച്ചിട്ടില്ല. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മേൽ കളവ് പറഞ്ഞതുമല്ല. മറിച്ച് അല്ലാഹു എനിക്ക് ചില കാര്യങ്ങൾ നിശ്ചയിക്കുകയും എന്നെ കോപം പിടികൂടുകയും, ഞാൻ ഈ ദിക്ർ പറയാൻ മറന്നു പോവുകയും ചെയ്തു. പ്രസ്തുത ദിവസം ഈ ദിക്ർ പറയാൻ അല്ലാഹു എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.

explain-icon

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  • രാവിലെയും വൈകുന്നേരവും ഈ ദിക്ർ ചൊല്ലുന്നത് പുണ്യകരമാണ്. അല്ലാഹുവിൻ്റെ അനുമതിയോടെ, എന്തെങ്കിലുമൊരു പ്രയാസം അവനെ പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിപത്ത് അവനുണ്ടാകുന്നതിൽ നിന്നും അതിലൂടെ അവന് സംരക്ഷണം നൽകപ്പെടും.
  • ആദ്യകാലക്കാരായ സച്ചരിതരായ മുൻഗാമികൾക്ക് അല്ലാഹുവിലുണ്ടായിരുന്ന ദൃഢമായ വിശ്വാസവും, നബി -ﷺ- പറഞ്ഞു നൽകുന്ന കാര്യങ്ങളിൽ അവർക്കുണ്ടായിരുന്ന ഉറച്ച ബോധ്യവും.
  • രാവിലെയും വൈകുന്നേരവും ദിക്റുകൾ ചൊല്ലാൻ പ്രത്യേകമായി സമയം നിശ്ചയിച്ചത് (അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന്) അശ്രദ്ധയിലാകുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ അടിമയാണ് താൻ എന്ന ബോധ്യം നഷ്ടപ്പെടുന്നതിൽ നിന്നും ഓരോ മുസ്‌ലിമിനെയും സംരക്ഷിക്കുന്നതാണ്.
  • അല്ലാഹുവിനെ സ്മരിക്കുകയും ദിക്റുകൾ ചൊല്ലുകയും ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിൻ്റെയും ഭയഭക്തിയുടെയും ഹൃദയസാന്നിദ്ധ്യത്തിൻ്റെയും, അതിനോടൊപ്പമുള്ള ഇഖ്ലാസിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും തോതനുസരിച്ചായിരിക്കും ഇത്തരം ദിക്റുകൾക്കുള്ള ഫലം ലഭിക്കുക.